ഗാന്ധിനഗർ : സംസ്‌ഥാനത്തെ വ്യാവസായിക, ക്വാറി മേഖലകളെ ബന്ധിപ്പിക്കുന്ന റോഡുകൾ നവീകരിക്കുന്നതിനായി 1,740 കോടി രൂപ അനുവദിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. 65ഓളം വ്യാവസായിക, ക്വാറി മേഖലകളെ ബന്ധിപ്പിക്കുന്ന 688 കിലോമീറ്റർ റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുക.
രാജ്യത്ത് ഏറ്റവുമധികം വ്യാവസായിക മേഖലയുള്ള സംസ്‌ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. സംസ്ഥാനത്തെ നയാധിഷ്ഠിത സമീപനം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ സൗഹൃദ സമീപനം എന്നിവ കാരണം ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം (FDI) ലഭിക്കുന്ന നാടായി ഗുജറാത്ത് മാറിയെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച വൈബ്രൻ്റ് ഗ്ലോബൽ ഉച്ചകോടിയിലൂടെ അസാധാരണമായ വ്യാവസായിക വളർച്ചയ്‌ക്കാണ് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. കൂടാതെ പ്രധാനമന്ത്രിയുടെ ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നീ ആശയങ്ങൾ മുന്നിൽകണ്ട് റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ റോഡ് മേഖലയ്‌ക്കുള്ള സാമ്പത്തിക വിഹിതം 80 ശതമാനത്തിലധികം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.