ഛണ്ഡീഗഡ്: മുൻ അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ പത്ത് ശതമാനം സംവരണം ഏർപ്പെടുത്തി ഹരിയാന സർക്കാർ. മുഖ്യമന്ത്രി നയാബ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ മുൻ അഗ്നിവീറുകൾ അഞ്ച് ലക്ഷം രൂപയുടെ പലിശരഹിത വായ്പയ്‌ക്കും അർഹരാണെന്ന് സർക്കാർ അറിയിച്ചു.
അഗ്നിവീറായി 4 വർഷം സേവനമനുഷ്ഠിച്ച് പുറത്തിറങ്ങുന്നവർക്ക് വിവിധ സായുധസേനകളിൽ അവസരം ലഭിക്കും. ഹരിയാന സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം അഗ്നിവീറുകൾക്ക് നൽകുമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് വ്യക്തമാക്കി. കോൺസ്റ്റബിൾ, മൈനിംഗ് ഗാർഡ്, ഫോറസ്റ്റ് ഗാർഡ്, ജയിൽ വാർഡൻ, എസ്പി എന്നീ പോസ്റ്റുകളിലേക്ക് അഗ്നിവീറുകൾക്ക് നേരിട്ട് നിയമനം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗ്രൂപ്പ് ബി, സി പട്ടികയിലുള്ള സർക്കാർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ മൂന്ന് വർഷം വരെ ഇളവും മുൻ അഗ്നിവീറുകൾക്ക് നൽകും. ഗ്രൂപ്പ് സിയിലുള്ള സിവിൽ പോസ്റ്റുകളിലേക്ക് നേരിട്ട് നിയമനം നൽകുന്നതിനൊപ്പം 5 ശതമാനം സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ബിയിലെ പോസ്റ്റുകൾക്ക് ഒരു ശതമാനമാണ് സംവരണം.
ഏതെങ്കിലും വ്യാവസായിക യൂണിറ്റിൽ ജോലിക്കെത്തുന്ന മുൻ അഗ്നിവീറുകൾക്ക് 30,000 രൂപയിൽ കൂടുതൽ പ്രതിമാസ ശമ്പളം നൽകിയാൽ പ്രസ്തുത യൂണിറ്റിന് പ്രതിവർഷം 60,000 രൂപ സബ്സിഡി നൽകുമെന്ന ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 2022 ജൂൺ 14-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഗ്നിപഥ് പദ്ധതി പ്രഖ്യാപിക്കുന്നത്. കര-നാവിക-വ്യോമ സേനകളിൽ യുവാക്കൾക്ക് അവസരം നൽകുന്നതിനുള്ള പദ്ധതിയാണിത്.