ന്യൂഡൽഹി: പലസ്തീൻ അഭയാർത്ഥികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും യുഎൻ മുഖേന ഇന്ത്യ കൈമാറുന്ന സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു കൈമാറി. 2.5 മില്യൻ യുഎസ് ഡോളറാണ് കൈമാറിയത്. 2024 -25 കാലയളവിലേക്കുള്ള വാർഷിക സംഭാവനയായ 5 മില്യൺ ഡോളറിന്റെ ആദ്യ ഗഡു ആണ് അനുവദിച്ചത്.
യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ നിയർ ഈസ്റ്റിന് (UNRWA) ആണ് തുക കൈമാറിയത്. 1950 മുതൽ പലസ്തീൻ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന യുഎൻ സംഘടനയാണിത്. റാമല്ലയിലെ ഇന്ത്യൻ ഓഫീസ് എക്‌സിൽ പങ്കുവച്ച പ്രസ്താവനയിലാണ് ഫണ്ട് അനുവദിച്ച കാര്യം വ്യക്തമാ ക്കിയത്.
അഭയാർത്ഥികൾക്ക് അവരുടെ ക്ഷേമത്തിനും വിദ്യാഭ്യാസ, ആരോഗ്യ, ദുരിതാശ്വാസ, സാമൂഹിക സേവന മേഖലകളിൽ യുഎൻ ഏജൻസി നടത്തുന്ന പ്രവർത്തങ്ങൾക്കുമാണ് ഇന്ത്യ സഹായം നൽകുന്നത്. ഇതുവരെ 35 ദശലക്ഷം യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം ഇന്ത്യ നൽകിയിട്ടുണ്ട്.
അടുത്തിടെ ന്യൂയോർക്കിൽ നടന്ന UNRWA പ്രതിജ്ഞാ സമ്മേളനത്തിൽ, സാമ്പത്തിക സഹായത്തിന് പുറമേ, ഏജൻസിയുടെ പ്രത്യേക അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ പലസ്തീനിലെ ജനങ്ങൾക്ക് മരുന്നുകളും മാനുഷിക സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. യുഎൻ അംഗരാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സംഭാവനകൾ വഴിയാണ് UNRWA ക്ക് ഗാസയിലെ ദുരിതാശ്വാസ പ്രവർത്തങ്ങൾക്കുള്ള ധനസഹായം ലഭിക്കുന്നത്.