നടൻ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് സംവിധായകൻ മേജർ രവി. പക്വതയില്ലാത്ത ശരീര ഭാഷയായിരുന്നു രമേശ് നാരായണന്റേതെന്ന് അദ്ദേഹം പ്രതികരിച്ചു. അംഗീകാരം പിടിച്ചു വാങ്ങാൻ ശ്രമിക്കരുതെന്നും മറ്റുള്ളവരെ അഭിനന്ദിക്കാനും അവർക്ക് വഴി മാറി കൊടുക്കാനും തയ്യാറാകുന്നവരാണ് യഥാർത്ഥ കലാകാരന്മാരെന്നും മേജർ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് സംവിധായകന്റെ പ്രതികരണം.
“ആസിഫ് അലി അവാർഡ് നൽകുമ്പോൾ രമേശ് നാരായണൻ അത് മേടിക്കുന്നുണ്ട്. പക്ഷേ, പക്വത ഇല്ലാത്ത ശരീര ഭാഷയായിരുന്നു രമേശ് നാരായണന്റേത്. സംവിധായകൻ ജയരാജന്റെ കയ്യിൽ നിന്നും അവാർഡ് വാങ്ങണമെന്ന് ഉണ്ടായിരുന്നേൽ അത് ആസിഫ് അലിയോട് വളരെ സൗമ്യമായി പറയണമായിരുന്നു. അതൊന്നും പറയാതെ നിങ്ങൾ ആ കുട്ടിയോട് വളരെ ലാഘവത്തോടെ ഒരു വിലയും കൊടുക്കാതെ പെരുമാറി. പ്രായത്തിന് നിരക്കാത്ത വളരെ അപക്വമായ പെരുമാറ്റമാണ് രമേശ് നാരായണൻ കാണിച്ചത്. എന്നാൽ ആസിഫ് അലി ഒരു ചിരിയോടെ പക്വതയോടെ പെരുമാറി”.
“പരസ്യമായി അപമാനിക്കപ്പെട്ടതിൽ ആസിഫ് അലിയുടെ മനസ്സിൽ വേദന തോന്നിയിട്ടുണ്ടാവും. അഭിമാനമുള്ള എല്ലാവർക്കും അത് തോന്നും. രമേശ് നാരായണനോട് ഒന്ന് പറയാനുണ്ട്. ഇന്ന് കാലം ഒരുപാട് മാറി. നമ്മൾ ആരും ഒന്നുമല്ല. ഒരു നിമിഷം മതി നമ്മൾ മരിക്കാൻ. അത്രയേ ഉള്ളൂ ജീവിതം. കലാകാരൻ കാലത്തിനനുസരിച്ച് മാറണം. കലയും ആസ്വാദനവും എല്ലാം മാറിക്കൊണ്ടിരിക്കും. നിങ്ങളെ സ്റ്റേജിലേക്ക് വിളിച്ചില്ലെങ്കിൽ അതിന് സംഘാടകരെയാണ് കുറ്റപ്പെടുത്തേണ്ടത്. അതിന്റെ ദേഷ്യം ആസിഫ് അലിയോട് കാണിക്കാൻ പാടില്ലായിരുന്നു”.
“നമ്മളെല്ലാം വെറും പൂജ്യമാണ്. ഇപ്പോൾ മേജർ രവി എന്നു പറഞ്ഞ ഒരാൾ മരിച്ചു പോയാലും നാളെയും ഇവിടെ പട്ടാള സിനിമകൾ ഉണ്ടാവും. അതുപോലെയാണ് നിങ്ങളും. അത് മനസ്സിലാക്കിയാൽ മതി. നല്ലൊരു കലാകാരൻ ആണെങ്കിൽ പുതിയ തലമുറയ്‌ക്ക് വഴിയൊരുക്കി കൊടുക്കണം. അവരെ കണ്ടാൽ അഭിനന്ദിക്കണം. എങ്കിൽ മാത്രമേ ദൈവം നിങ്ങളുടെ കൂടെ നിൽക്കുകയുള്ളൂ. അല്ലാതെ പുതിയ ഒരാളെ കണ്ടാൽ അസൂയപ്പെട്ട് എങ്ങനെ കുതികാൽ വെട്ടണം എന്ന് ചിന്തിക്കുകയല്ല വേണ്ടേ. മറ്റുള്ളവരെ അംഗീകരിക്കുമ്പോൾ മാത്രമാണ് നല്ലൊരു കലാകാരൻ ആകുന്നത്. ആരോ അംഗീകരിച്ചില്ല എന്നും പറഞ്ഞ് പിടിച്ചു വാങ്ങിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല”-മേജർ രവി പറഞ്ഞു.















