മുംബൈ: ഛത്രപതി ശിവജി മഹാരാജിന്റെ ഐതിഹാസിക ആയുധം ‘ വാഗ് നഖ്’ മുംബൈയിൽ എത്തി. ലണ്ടൻ മ്യൂസിയത്തിൽ നിന്ന് ഇന്ന് വൈകിട്ടോടെയാണ് മുംബൈ മ്യൂസിയത്തിലേക്ക് വാഗ് നഖ് കൊണ്ടുവന്നതെന്ന് മഹാരാഷ്‌ട്ര സാംസ്‌കാരിക വകുപ്പ് മന്ത്രി സുധീർ മുൻഗന്തിവാർ പറഞ്ഞു. കടുവയുടെ നഖത്തിന് സമാന ആകൃതിയിലുള്ള ആയുധത്തിന് ഏകദേശം 200 വർഷത്തെ പഴക്കമാണുള്ളത്.
ലണ്ടനിൽ നിന്നെത്തിച്ച ആയുധം ജൂലൈ 19 മുതൽ പടിഞ്ഞാറൻ മഹാരാഷ്‌ട്രയിലെ സതാരയിലുള്ള ഛത്രപതി ശിവജി മ്യൂസിയത്തിൽ പ്രദർശനത്തിന് വക്കും. ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബെർട്ട് മ്യൂസിയവുമായുള്ള കരാറു പ്രകാരം 3 വർഷത്തേക്കാണ് വാഗ് നഖ് ഇന്ത്യയിൽ പ്രദർശനത്തിന് വയ്‌ക്കുന്നത്.
വാഗ് നഖ് ഭാരതത്തിലേക്ക് കൊണ്ടുവരുന്നതിനോടനുബന്ധിച്ച് ഛത്രപതി മ്യൂസിയത്തിന്റെ പരിസരത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ബുളളറ്റ് പ്രൂഫ് സംരക്ഷണമാണ് വാഗ് നഖിന് നൽകിയിരിക്കുന്നതെന്നും ആയുധം ഏഴ് മാസം ഛത്രപതി മ്യൂസിയത്തിൽ വയ്‌ക്കുമെന്നും നേരത്തെ എക്സൈസ് വനകുപ്പ് മന്ത്രി ശംഭുരാജ് ദേശായി പറഞ്ഞിരുന്നു
വാഗ് നഖ് പ്രദർശിപ്പിക്കുന്നതിനായി 8 ലക്ഷം രൂപ വിലയുളള ലാമിനേറ്റഡ് ഷോക്കേസ്് ഒരുക്കിയിട്ടുണ്ട്. സെൻസറുകൾ ഘടിപ്പിച്ച് സിസിടിവി ക്യാമറകൾ വഴിയുള്ള നിരീക്ഷണവുമുണ്ടാകും. വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. താപനിലയും ഈർപ്പവും നിയന്ത്രിക്കുന്ന പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.















