ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലെ റെയിൽ തുരങ്കത്തിന്റെ നിർമ്മാണം ആരംഭിച്ചു. മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണത്തിന്റെ ഭാഗമായാണ് കടലിനടിയിൽ തുരങ്കം നിർമ്മിക്കുന്നത്. മുംബൈയിലെ ബികെസിക്കും ശിൽഫതയ്‌ക്കും 21 കിലോമീറ്റർ തുരങ്കത്തിൽ ഏഴ് കിലോമീറ്റർ കടലിനടിയിലൂടെയാണ്.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത് എൻഎച്ച്എസ്ആർസിഎൽ ആണ്.പദ്ധതി പൂർത്തിയാകുന്നതോടെ മുംബൈ, താനെ, വാപി, സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ് എന്നീ നഗരങ്ങൾ കൂടുതൽ വികസിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവിൽ സൂറത്ത്, ആനന്ദ്, വഡോദര എന്നിവിടങ്ങളിൽ യഥാക്രമം 70 മീറ്റർ, 100 മീറ്റർ, 130 മീറ്റർ എന്നിങ്ങനെ നീളുന്ന മൂന്ന് സ്റ്റീൽ പാലങ്ങൾ പൂർത്തിയായി.
രാജ്യത്ത് ഇതുവരെ ഉപയോഗിക്കാത്ത ജാപ്പനീസ് സാങ്കേതിക വിദ്യയിലൂടെയാണ് ട്രാക്ക് നിർമാണം . ബുള്ളറ്റ് ട്രെയിൻ ഇടനാഴിയിലെ ഒമ്പത് നദികളിലെ പാലം നിർമ്മിച്ചു കഴിഞ്ഞു . പാർ (വൽസാദ് ജില്ല), പൂർണ (നവ്‌സാരി ജില്ല), മിന്ദോല (നവ്‌സാരി ജില്ല), അംബിക (നവ്‌സാരി ജില്ല), ഔറംഗ (വൽസാദ് ജില്ല), വെംഗനിയ (നവ്‌സാരി ജില്ല), മോഹർ (ഖേദ ജില്ല), ധാധർ (വഡോദര ജില്ല), കൊളക് നദി (വൽസാദ് ജില്ല) എന്നിവ പൂർത്തിയായി, മറ്റ് പ്രധാന നദികളായ നർമദ, തപ്തി, മഹി, സബർമതി എന്നിവയിലെ പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
ഗുജറാത്തിലെ വൽസാദിലെ സരോളി വില്ലേജിന് സമീപം സ്ഥിതി ചെയ്യുന്ന 350 മീറ്റർ നീളവും 12.6 മീറ്റർ വ്യാസവുമുള്ള ആദ്യത്തെ പർവത തുരങ്കം പൂർത്തിയായി.ഗുജറാത്തിലെ എട്ട് ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകളുടെ അടിസ്ഥാന ജോലികളും പൂർത്തിയായി.320 കിലോമീറ്റർ വേഗത്തിലാണ് ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കുക. രണ്ട് മണിക്കൂറിൽ താഴെ സമയം കൊണ്ട് 508 കിലോമീറ്റർ യാത്ര ചെയ്യാനാകും. 12 സ്റ്റേഷനുകളാണ് പാതയിൽ ഉള്ളത്.യാത്ര കൂടുതൽ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ ഭൂചലന മുന്നറിയിപ്പ് സംവിധാനവും ക്രമീകരിക്കുന്നുണ്ട് . 2026 ഡിസംബറിന് മുൻപ് പൂർത്തിയാക്കി ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.















