കമൽഹാസൻ നായകനായി ശങ്കർ സംവിധാനം ‘ഇന്ത്യൻ 2’ തീയേറ്ററുകളിൽ റിലീസ് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷം 12 മിനിട്ട് വെട്ടിച്ചുരുക്കി. ട്രിം ചെയ്ത പതിപ്പാണ് കഴിഞ്ഞ ദിവസം മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത് .
ജൂലൈ 12 ന് തീയറ്ററുകളിൽ എത്തിയ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത് . തുടർന്നാണ് ചിത്രത്തിന്റെ ദെെർഘ്യം വെട്ടിച്ചുരുക്കിയത് . പ്രൊഡക്ഷൻ ഹൗസായ ലൈക്ക പ്രൊഡക്ഷൻസാണ് ഈ വിവരം അറിയിച്ചത് . “ഞങ്ങൾ നിങ്ങളെ കേട്ടു” എന്ന പ്രസ്താവനയോടെയാണ് ചിത്രത്തിന്റെ ദെെർഘ്യം വെട്ടിച്ചുരുക്കിയ വിവരം അണിയറപ്രവർത്തകർ അറിയിച്ചത്.
ചിത്രം 20 മിനിറ്റ് ട്രിം ചെയ്തതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. മൂന്ന് മണിക്കൂറും നാല് മിനിറ്റുമായിരുന്നു ആദ്യം ചിത്രത്തിന്റെ ദൈർഘ്യം . ട്രിം ചെയ്തതിന് ശേഷം, ഇപ്പോൾ റൺടൈം രണ്ട് മണിക്കൂർ 52 മിനിറ്റാണ്. പ്രതീക്ഷിച്ചതു പോലൊരു തുടക്കമായിരുന്നില്ല ഇന്ത്യൻ 2 റിലീസ് ദിവസം ലഭിച്ചത്. 26 കോടി മാത്രമാണ് ഇന്ത്യൻ ബോക്‌സ് ഓഫീസിലെ ഓപ്പണിങ് ഡേ കളക്ഷൻ.
സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, നെടുമുടി വേണു, വിവേക്, ബോബി സിംഹ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് . ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയൻ്റ് മൂവീസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.















