ന്യൂയോർക്ക്: ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തെ പരിഹസിച്ച പൊലീസ് ഉദ്യോഗസ്ഥനെ യുഎസ് പുറത്താക്കി. സിയാറ്റിൽ സിറ്റി പൊലീസ് ഓഫീസർ കെവിൻ ഡേവിനെയാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്.
ജനുവരി 23 ന് റോഡ് മുറിച്ച് കടക്കുന്നതിനിടെ കെവിൻ ഡേവിൻ ഓടിച്ച പട്രോളിംഗ് വാഹനം ഇടിച്ചാണ് ആന്ധ്ര സ്വദേശിനി ജാഹ്‌നവി കണ്ടുല (23) മരിച്ചത്. ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി 100 അടി താഴ്ചയിലേക്ക് പതിച്ചു. അപകട സമയത്ത് വാഹനം 119 കിലോമീറ്റർ സ്പീഡിലായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ കെവിൻ മരണത്തെ പരിഹസിച്ച് പൊട്ടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നു. ഇതോടെ യുഎസിലെ ഇന്ത്യൻ സമൂഹം പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.
“ഓ, അവൾ കാറിന്റെ മുകളിൽ കയറി, ബ്രേക്കിൽ തട്ടി കാറിൽ നിന്ന് പറന്നുപോയി. അങ്ങനെയാണ് അവൾ മരിച്ചത്, ഇതിന് പിന്നാലെ ഇയാൾ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് അച്ചടക്ക നടപടി റിപ്പോർട്ടിൽ പറയുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം സിയാറ്റിൽ പോലീസ് ഡിപ്പാർട്ട്‌മെൻ്റിനും മുഴുവൻ പ്രൊഫഷനും നാണക്കേടുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു















