ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ റെയിൽ-റോഡ് മേൽപ്പാലം ഭാഗികമായി തുറന്നുകൊടുത്തു. ബെംഗളൂരു റാഗിഗുഡ്ഡ മെട്രോ സ്റ്റേഷൻമുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻവരെയാണ് മേൽപ്പാലം നിർമിച്ചത്. 3.3 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലത്തിന്റെ ഒരുവശമാണ് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു നൽകിയത്.
449 കോടി രൂപ ചെലവിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ആണ് മേൽപ്പാലം നിർമിച്ചത്.
മേൽപ്പാലത്തിന്റെ മുകളിലൂടെ മെട്രോ ട്രെയിൻ സർവീസും താഴെത്തെ നിലയിലൂടെ വാഹനങ്ങളും കടന്നു പോകും. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ജങ്ഷനായ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം.
നിലവിലുള്ള റോഡിനേക്കാൾ എട്ട് മീറ്റർ ഉയരത്തിലാണ് മേൽപ്പാലത്തിന്റെ ആദ്യത്തെ നില സ്ഥിതി ചെയ്യുന്നത്. മെട്രോ സർവീസിനായി നിർമിച്ച രണ്ടാമത്തെ നില 16 മീറ്റർ ഉയരത്തിലാണ്. മെട്രോ പാതയിൽ ഈ വർഷം അവസാനത്തോടെ സർവീസ് പൂർണ്ണതോതിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
M/s Afcons Infrastructure Limited ആണ് ലൂപ്പുകളുടെയും റാമ്പുകളുടെയും നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. പൂർണ്ണതോതിൽ പ്രവർത്തസ സജ്ജമാകുന്നതോടെ റാഗിഗുഡ്ഡയിൽനിന്ന് എച്ച്.എസ്.ആർ. ലേഔട്ട്, ഹൊസൂർ റോഡ് എന്നിവിടങ്ങളിലേക്ക് സിഗ്‌നലുകളില്ലാതെ യാത്ര സാധ്യമാകും.