കൊൽക്കത്ത: കശ്മീരിലെ ദോഡയിൽ ഭീകര വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ വീരമൃത്യുവരിച്ച ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ ഭൗതികദേഹം ബെംഗ്‌ദുബി മിലിട്ടറി സ്റ്റേഷനിൽ നിന്ന് അദ്ദേഹത്തിന്റെ ജന്മനാടായ ഡാർജിലിംഗിലെ ലെബോംഗിലേക്ക് എത്തിച്ചു.
രാജ്യത്തിനും രാജ്യത്തിന്റെ സുരക്ഷയ്‌ക്കും വേണ്ടിയാണ് മകൻ പോരാടിയതെന്ന് നേരത്തെ ബ്രിജേഷ് ഥാപ്പയുടെ പിതാവ് റിട്ട. കേണൽ ഭുവനേഷ് ഥാപ്പ പ്രതികരിച്ചിരുന്നു. ഭാരതമാതാവിന് വേണ്ടി ജീവത്യാഗം ചെയ്ത മകനെയോർത്ത് അഭിമാനിക്കുന്നു. മാർച്ചിൽ വീട്ടിൽ വന്നപ്പോൾ 15 ദിവസം മാത്രമാണ് താമസിച്ചത്. അവൻ ഇനി ഇല്ലെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. കുട്ടിക്കാലം മുതൽ സൈന്യത്തിൽ ചേരാനായിരുന്നു അവന്റെ ആഗ്രഹം. അൽപം മുതിർന്നപ്പോൾ തന്റെ സൈനിക യൂണിഫോം ഇട്ട് കറങ്ങി നടക്കുമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
ബ്രിജേഷ് ഥാപ്പ അടക്കം നാല് സൈനികർക്കാണ് തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ജീവൻ നഷ്ടമായത്. നായിക് ഡി രാജേഷ്, ശിപായി ബിജേന്ദ്ര, ശിപായി അജയ് നരുക എന്നിവരാണ് ബ്രിജേഷ് ഥാപ്പയ്‌ക്ക് പുറമെ വീരമൃത്യു വരിച്ചത് . ദോഡയിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള ദേശ ഫോറസ്റ്റ് ബെൽറ്റിലെ ധാരി ഗോട്ടെ ഉരാർബാഗിയിലാണ് ഏറ്റമുട്ടലുണ്ടായത്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കൂട്ടാളികളായ കശ്മീർ ടൈഗേഴ്‌സാണ് ആക്രമണം നടത്തിയതെന്ന് സൈന്യം കണ്ടെത്തിയിട്ടുണ്ട്.















