63 വയസ്സുള്ള രോഗിയിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് 16 കിലോ ഭാരമുള്ള മുഴ. ഷാർജയിലെ ബുർജീൽ സ്പെഷ്യലാറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു തണ്ണീർമത്തന്റെ വലുപ്പത്തിലുള്ള മുഴയാണ് രോഗിയുടെ വയറ്റിലുണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
രോഗിക്ക് എട്ട് വർഷമായി വയറുവേദന അനുഭവപ്പെട്ടിരുന്നു. ഓരോ വർഷവും വയർ വീർത്തുവന്നെങ്കിലും ഭയം കൊണ്ട് കാര്യമായ ചികിത്സ തേടിയില്ല. നടക്കാനും ഇരിക്കാനും തിരിഞ്ഞ് കിടക്കാൻ പോലും അവസാനം ബുദ്ധിമുട്ടായി. ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചതോടെയാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്
മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത മുഴയ്‌ക്ക് ഏകദേശം നാല് നവജാതശിശുക്കളുടെ ഭാരം വരും. അനുദിനം വലുപ്പം കൂടി വരുന്ന വിഭാഗത്തിൽ പെടുന്ന മുഴയായിരുന്നു ഇത്. ട്യൂമറിന്റെ വലുപ്പവും അനുബന്ധ ലക്ഷണങ്ങളും കണക്കിലെടുത്ത് ഓങ്കോളജിസ്റ്റുകൾ, സർജൻമാർ, റേഡിയോളജിസ്റ്റുകൾ, ന്യൂക്ലിയർ മെഡിസിൻ സ്പെഷ്യലിസ്റ്റുകൾ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ശസ്ത്രക്രിയ നടത്താമെന്ന തീരുമാനത്തിലെത്തിയത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്ന ഉള്ളിൽ വളരുന്ന ട്യൂമറിനെ കുറിച്ച് അറിഞ്ഞെന്നും ശസ്ത്രക്രിയ ഭയന്നാണ് ചികിത്സ തേടാഞ്ഞതെന്നും രോഗി പറഞ്ഞു. രണ്ട് കാലുകളിലും നീരു വന്നതിനെത്തുടർന്ന് ദിനചര്യകൾ ബുദ്ധിമുട്ടായി. നേരത്തെ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ലായിരുന്നു. മുഴ നീക്കം ചെയ്ത ശേഷം ചെറുപ്പവും ഉന്മേഷവും തോന്നി. രണ്ടാം ദിവസമായപ്പോൾ, 20 കിലോഗ്രാമിനടുത്ത് ഭാരം കുറഞ്ഞു, അദ്ദേഹം കൂട്ടിച്ചേർത്തു.















