മുംബൈ: ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ബോളിവുഡ് നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ എച്ച് എൻ റിലയൻസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ പിതാവ് ബോണി കപൂറാണ് വിവരം അറിയിച്ചത്.
നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്നും ബോണി കപൂർ പറഞ്ഞു. താരം ചെന്നൈയിലായിരുന്നുവെന്നും മടങ്ങുന്ന വഴി വിമാനത്താവളത്തിൽ നിന്ന് എന്തെങ്കിലും കഴിച്ചതാകാം ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടിലെത്തിയ താരത്തിന്റെ ആരോഗ്യാവസ്ഥ വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജാൻവി കപൂറിന്റേതായി വരാനിരിക്കുന്ന ചിത്രമാണ് ഉലജ്. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇന്ത്യൻ ഫോറിൻ സർവീസിലെ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായ സുഹാന ഭാട്ടിയ എന്ന കഥാപാത്രമായാണ് ജാൻവി കപൂർ ചിത്രത്തിലെത്തുന്നത്. സുഹാനയെ ചുറ്റിപറ്റിയുള്ള സംഭവങ്ങളിലൂടെയാണ് കഥ പോകുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.