കെയ്‌റോ : ഏഴു ലോകാത്ഭുതങ്ങൾ കുറഞ്ഞ സമയം കൊണ്ട് സന്ദർശിച്ച് റെക്കോർഡ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് ഒരു ഈജിപ്റ്റുകാരൻ. വെറും 6 ദിവസവും 11 മണിക്കൂറും 52 മിനിറ്റും കൊണ്ടാണ് 45 കാരനായ മാഗ്ദി ഈസ ഈ അവിശ്വസനീയമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
തന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിനൊപ്പം തന്നെ റെക്കോർഡ് ബുക്കിലും ഇടം നേടാൻ മാസങ്ങളോളം സൂക്ഷ്മമായ തയ്യാറെടുപ്പുകൾ വേണ്ടി വന്നതായി മാഗ്ദി പറയുന്നു. ഫ്‌ളൈറ്റ് , ട്രെയിൻ, ബസ് യാത്ര , നടത്തം എന്നു തുടങ്ങീ ഓരോന്നിലും ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും ഒരു ചെറിയ തടസം പോലും തന്റെ മുഴുവൻ പദ്ധതികളും വ്യർത്ഥമാക്കി വീട്ടിലേക്ക് മടങ്ങേണ്ട അവസ്ഥ ഉണ്ടാക്കുമെന്ന് ബോധ്യമുണ്ടായിരുന്നുവെന്നും മാഗ്ദി പറയുന്നു.
View this post on Instagram
തന്റെ റെക്കോർഡ് യാത്രയുടെ ഭാഗമായി മാഗ്ഡി ആദ്യം സന്ദർശിച്ചത് ചൈനയിലെ വൻ മതിലായിരുന്നു. തുടർന്ന് ഇന്ത്യയിലെ താജ്മഹൽ, ജോർദാനിലെ റോസ്-റെഡ് നഗരമായ പെട്ര, റോമിലെ കൊളോസിയം , ബ്രസീലിലെ ക്രൈസ്റ്റ് ദി റെഡീമർ, പെറുവിലെ മാച്ചുപിച്ചു എന്നിവ സന്ദർശിച്ചു. തന്റെ യാത്ര മെക്സിക്കോയിലെ പുരാതന മായൻ മഹാനഗരമായ ചിചെൻ ഇറ്റ്‌സയിൽ അവസാനിപ്പിക്കുകയായിരുന്നു മാഗ്ഡി. 4.5 മണിക്കൂർ വ്യത്യാസത്തിൽ ഇംഗ്ലീഷുകാരനായ ജാമി മക്ഡൊണാൾഡിന്റെ റെക്കോർഡ് ആണ് മാഗ്ഡി മറികടന്നത്.