പട്‌ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പട്‌ന എംയിസിലെ നാല് മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ. മൂന്നാം വർഷ വിദ്യാർത്ഥികളായ ചൻധൻ സിംഗ്, രാഹുൽ അനന്ത്, കുമാർ ഷാനു, ഒന്നാം വർഷ വിദ്യാർത്ഥി കരൺ ജെയ്ൻ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ ചോർത്തിയ സംഘവുമായുള്ള ബന്ധം സംബന്ധിച്ചും ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നൽകിയത് സംബന്ധിച്ചുമുള്ള വിവരങ്ങൾ ഇവരിൽ നിന്ന് ലഭിച്ചതായാണ് സൂചന.
വിദ്യാർത്ഥികൾ സിബിഐ കസ്റ്റഡിയിലാണെന്ന കാര്യം എയിംസ് പട്‌ന ഡയറക്ടർ ജി കെ പാലും സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് നാലാംഗ സംഘത്തെ എയിംസ് മാനേജ്‌മെന്റിന്റെ സാന്നിധ്യത്തിൽ സിബിഐ കസ്റ്റഡിയിലെടുത്തത്. സിബിഐ സംഘം ഇവർ താമസിച്ചിരുന്ന ഹോസ്റ്റൽ മുറി സീൽ ചെയ്യുകയും ഇവരുടെ ലാപ്ടോപ്പും മൊബൈൽ ഫോണുകളുമടക്കം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഫോട്ടോയും മൊബൈൽ ഫോൺ നമ്പറും ഉദ്യോഗസ്ഥർ അയച്ചിരുന്നതായും സിബിഐയുമായി സഹകരിച്ചിട്ടുണ്ടെന്നും എയിംസ് അധികൃതർ അറിയിച്ചു.
കേസിൽ അറസ്റ്റിലായ പങ്കജ് കുമാർ, രാജ്കുമാർ സിംഗ് എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്. ജാർഖണ്ഡ് ഹസാരിബാഗിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ചോദ്യപേപ്പർ മോഷ്ടിച്ചത് പങ്കജ് കുമാറും രാജ്കുമാർ സിംഗും ചേർന്നാണെന്നാണ് സിബിഐ നിഗമനം. ചോദ്യപേപ്പർ ചോർത്തലിന്റെ മുഖ്യ സൂത്രധാരനായ രാകേഷ് രഞ്ജനെ നളന്ദയിൽ നിന്ന് സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇതിനകം 14 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.