ധാക്ക: ബംഗ്ലാദേശിൽ ആളിപടർന്ന് സംവരണ വിരുദ്ധ പ്രക്ഷോഭം. പ്രതിഷേധക്കാർ ധാക്കയിലെ ദേശീയ ടിവി ആസ്ഥാനത്തിന് തീയിട്ടു. സംഘർഷം ശമിപ്പിക്കാൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ടിവിയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധക്കാർ തീയിട്ടത്.
പ്രതിഷേധക്കാരുടെ ക്രൂരതകളെ അപലപിക്കാനും സമരക്കാർക്കെതിരെ കടുത്ത ശിക്ഷാ നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നൽകാനാണ് ഷെയ്ഖ് ഹസീന ബിടിവി ആസ്ഥാനത്ത് എത്തിയത്. ധാക്കയിലെ ബിടിവിയുടെ ആസ്ഥാനത്തേക്ക് ഇരച്ചു കയറിയ വിദ്യാർത്ഥികൾ റിസപ്ഷൻ ബിൽഡിംഗിന് തീയിട്ടു. പിന്നാലെ പുറത്ത് പാർക്ക് ചെയ്തിരുന്ന ഡസൻ കണക്കിന് വാഹനങ്ങൾക്കും തീയിട്ടു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷപ്പെടുത്താനായത്. തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ലെന്നും ടിവി ആസ്ഥാനത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നതായും വൃത്തങ്ങൾ അറിയിച്ചു.
സമരക്കാരെ നിയന്ത്രിക്കാനായി പൊലീസ് റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും ഉപയോഗിച്ചത് പ്രക്ഷോഭം ശക്തിയാർജ്ജിക്കാൻ കാരണമായി. രാജ്യത്തെ ക്രമസമാധാനില താറുമാറായിരിക്കുകയാണ്. പ്രക്ഷോഭം കനക്കുന്നതിനിടെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യവ്യപകമായി മൊബൈൽ ഇൻ്റർനെറ്റ് നെറ്റ്‌വർക്ക് റദ്ദാക്കി. ക്രമസമാധാന നില നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പോലീസ് ശക്തമാക്കുന്നതിനിടെ സ്‌കൂളുകളും സർവകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.
ബംഗ്ലാദേശിന്റെ തെരുവുകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധം നടത്തുന്നത്. സംവരണം വിവേചനപരമാണെന്നും മെറിറ്റ് അധിഷ്‌ഠിത സംവിധാനം കൊണ്ടുവരണമെന്നുമാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യം. സർക്കാർ ജോലികളിലെ സംവരണം ഇല്ലാതാക്കുന്ന 2018-ലെ ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രക്ഷോഭത്തിനിടെ ഇതുവരെ 32 പേരാണ് മരണപ്പെട്ടത്.