ടോക്കിയോ: പൊട്ടറ്റോ ചിപിസ് കഴിച്ച 14 വിദ്യാർത്ഥികൾ ആശുപത്രിയിൽ. ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം. വടക്കു കിഴക്കൻ ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യുന്ന ലോകത്തിലെ ഏറ്റവും എരിവേറിയ മുളകായ ഭൂത് ജൊലോകിയ എന്ന ഗോസ്റ്റ് പെപ്പർ ചേർത്ത ചിപിസ് കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾ അവശനിലയിലായത്.
‘R 18+ curry chips’ എന്ന പേരിലാണ് ചിപ്സ് വിപണിയിലെത്തുന്നത്. 18 വയസിൽ താഴെയുള്ളവർ യാതൊരു കാരണവശാലും ഗോസ്റ്റ് പെപ്പർ പൊട്ടറ്റോ ചിപ്സ് കഴിക്കരുതെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് സ്കൂളിലേക്ക് ഒരു കുട്ടി ചിപ്സുമായെത്തിയത്. പിന്നാലെ 30-ഓളം പേരാണ് ചിപ്സ് കഴിച്ചത്.
തുടർന്ന് കുട്ടികളിൽ ചിലർക്ക് ഛർദ്ദി അനുഭവപ്പെട്ടു. മറ്റ് ചിലർക്ക് വായിൽ നീറ്റൽ അനുഭവപ്പെട്ടു. സ്കൂൾ അധികൃതർ പൊലീസിനെയും എമർജൻസി സർവീസിനെയും അറിയിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 13 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ നിർമാതാക്കളായ ഇസോയാമ കമ്പനി ക്ഷമാപണവുമായി രംഗത്തെത്തി.
എരിവ് ഇഷ്ടമുള്ളവർ പോലും അതീവ ജാഗ്രതയോടെ മാത്രമേ ഇത് കഴിക്കാവൂ എന്ന് കമ്പനി തങ്ങളുടെ വെബ്സൈറ്റിൽ ഉടനീളം പറയുന്നുണ്ട്. പായ്‌ക്കറ്റ് പൊട്ടിക്കുന്നവരുടെ കയ്യിൽ മുറിവുണ്ടെങ്കിൽ പോലും ശ്രദ്ധിക്കണമെന്നും രക്തർസമ്മർദ്ദവും മറ്റ് രോഗങ്ങളുമുള്ളവർ ഇത് കഴിക്കരുതെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു. ലോകത്തിലെ ഏറ്റവും എരിവുള്ള മുളകായി 2007 മുതൽ 2011 വരെ ഗിന്നസ് ലോക റെക്കോർഡിൽ ഭുട്ട് ജോലോകിയ ഇടം നേടിയിട്ടുണ്ട്.