ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന അമൂല്യ വസ്തുക്കൾ സ്‌ട്രോങ് റൂമിലേക്ക് മാറ്റി. സ്വർണം, വെള്ളി ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും താത്കാലിക സ്‌ട്രോങ് റൂമായി ഉപയോഗിച്ചിരുന്ന ഖാത സേജ ഭണ്ഡറിലേക്കാണ് മാറ്റിയത്.
കോടതി ഉത്തവ് പ്രകാരം ജൂലൈ 14 നാണ് രത്‌നഭണ്ഡാരം തുറന്നത്. തുടർന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി മുൻ ജസ്റ്റിസ് ബിശ്വനാഥ് രഥിന്റെ നേതൃത്വത്തിലുള്ള 11 അംഗസംഘം ഏഴ് മണിക്കൂറിലധികം എടുത്ത് ഇവ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്.
രത്നഭണ്ഡാരത്തിന്റെ അറ്റക്കുറ്റപ്പണി എഎസ്ഐ പൂർത്തിയാക്കിയതിന് ശേഷമാണ് വസ്തുക്കളുടെ മൂല്യനിർണ്ണയം നടത്തുക. രത്നഭണ്ഡാരത്തിന് ഏകദേശം 20 അടി ഉയരവും 14 അടി നീളവുമുണ്ട്. ഖജനാവിന്റെ ഭിത്തിയിൽ കാലപ്പഴക്കം കൊണ്ട് വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 1978-ൽ 70 ദിവസം എടുത്താണ് മൂല്യനിർണ്ണയം പൂർത്തിയാക്കിയത്.
പ്രചരിച്ചത് പോലെ രത്നഭണ്ഡാരത്തിനുള്ളിൽ പാമ്പുകളോ തുരങ്കങ്ങളോ കണ്ടെത്തിയില്ലെന്ന് സംഘത്തിന്റെ ഭാഗമായിരുന്ന മുൻ ജസ്റ്റിസ് ബിശ്വനാഥ് രഥ് പറഞ്ഞു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് യൂട്യൂബർമാരോടും മാധ്യമങ്ങളോടും അദ്ദേഹംഅഭ്യർത്ഥിച്ചു. എഎസ്ഐയുടെ ശാസ്ത്രീയ പരിശോധനയ്‌ക്ക് ശേഷം കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.















