യാത്രകളെ ഇഷ്ടപ്പെടത്തവരായി ആരുമുണ്ടാകില്ല. ചിലർ ഒറ്റയ്‌ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുമ്പോൾ മറ്റ് ചിലർ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഒറ്റയ്‌ക്കും കൂട്ടായും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ പാക്കേജാണ് ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്നത്.
ക്ഷേത്ര ദർശനം ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഈ പാക്കേജ് ഉപകാരപ്രദമാകും. തമിഴ്നാട്ടിലെ പ്രശസ്തമായ ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് ഇന്ത്യൻ റെയിൽവേ നൽകുന്നത്. കുംഭകോണം, മധുര, തഞ്ചാവൂർ, രാമേശ്വരം എന്നിവിടങ്ങൾ സന്ദർശിക്കാൻ അവസരം നൽകുന്ന ഈ പാക്കേജിന് ‘ട്രഷേഴ്സ് ഓഫ് തമിഴ്നാട്’ എന്ന പേരാണ് നൽകിയിരിക്കുന്നത്.
ആറ് പകലും അഞ്ച് രാത്രിയുമാകും തമിഴ്നാട്ടിൽ പര്യടനം നടത്തുക. ഓഗസ്റ്റ് 13-ന് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഓഗസ്റ്റ് 18-ന് അവസാനിക്കും. ആദ്യം തിരുച്ചിറപ്പള്ളിയിലാകും സഞ്ചാരികളെത്തുക. ഒരു രാത്രി ഇവിടെ ചെലവഴിച്ച് അടുത്ത ദിവസം യാത്രക്കാർ ഐആർസിടിസി ബസിൽ യാത്ര തിരിക്കും. കുംഭകോണത്തെയും തഞ്ചാവൂരിലെയും പ്രശസ്തമായ ക്ഷേത്രങ്ങൾ സന്ദർശിക്കും. പിറ്റേന്ന് രാമേശ്വരത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കും. അഞ്ചാം ദിനം സഞ്ചാരികൾ മധുര ക്ഷേത്രത്തിൽ ദർശനം നടത്തും. ഇവിടെ രണ്ട് ദിവസം തങ്ങിയ ശേഷം മധുര വിമാനത്താവളം വഴി ഹൈദരബാദിലെത്തും.
39,850 രൂപയാണ് ടൂർ പാക്കേജിന്റെ നിരക്ക്. രണ്ട് പേർ ഒന്നിച്ചാണ് പോകുന്നതെങ്കിൽ ഒരാൾക്ക് 30,500 രൂപ ആയിരിക്കും. മൂന്ന് പേർ ഒരുമിച്ച് പോയാൽ ഒരാൾക്ക് 29,250 രൂപ ആയിരിക്കും നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് www.irctc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.















