കൊൽക്കത്ത: കശ്മീരിലെ ദോഡയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ക്യാപറ്റൻ ബ്രിജേഷ് ഥാപ്പയ്ക്ക് അന്തിമോപചാരം അർപ്പിച്ച് സൈനികർ. ക്യാപ്റ്റൻ ബ്രിജേഷിന്റെ മൃതദേഹം ജന്മനാടായ പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എത്തിച്ചു. നിരവധി പേരാണ് സൈനികന് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്. ബ്രിജേഷിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.
മകനെ യാത്ര അയക്കാനായി ഒരുപാട് പേർ എത്തിയെന്നും മകനോടുള്ള സ്നേഹവും ആദരവും കണ്ട് അഭിമാനം തോന്നുന്നുവെന്നും ബ്രിജേഷിന്റെ പിതാവ് ഭുവനേഷ് ഥാപ്പ പ്രതികരിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ സൈനികർ എപ്പോഴും തയ്യാറാണ്. അതിന് ഉദാഹരണമാണ് തന്റെ മകൻ. മകൻ ഈ ഭൂമിയിൽ ഇല്ലെന്ന സത്യം വിശ്വസിക്കാൻ സാധിക്കുന്നില്ല. കുട്ടിക്കാലം മുതൽ സൈന്യത്തിൽ ചേരണമെന്നാണ് അവൻ ആഗ്രഹിച്ചിരുന്നത്. രാജ്യത്തിന് വേണ്ടി തന്റെ മകൻ ജീവൻ ബലിയർപ്പിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 15-നാണ് ദോഡയിലുണ്ടായ ഭീകരാക്രമണത്തിൽ ബ്രിജേഷ് ഥാപ്പ ഉൾപ്പെടെ നാല് സൈനികർ വീരമൃത്യു വരിച്ചത്. നായിക് ഡി രാജേഷ്, ശിപായി ബിജേന്ദ്ര, ശിപായി അജയ് നരുക എന്നിവരാണ് ബ്രിജേഷ് ഥാപ്പയ്‌ക്ക് പുറമെ വീരമൃത്യു വരിച്ചത്. ദോഡയിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള ദേശ ഫോറസ്റ്റ് ബെൽറ്റിലെ ധാരി ഗോട്ടെ ഉരാർബാഗിയിലാണ് ഏറ്റുമുട്ടലുണ്ടായത്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കൂട്ടാളികളായ കശ്മീർ ടൈഗേഴ്‌സാണ് ആക്രമണം നടത്തിയതെന്ന് സൈന്യം കണ്ടെത്തിയിട്ടുണ്ട്.















