ഭോപ്പാൽ : വീരമൃത്യു വരിച്ച സൈനികർക്ക് ഒരു കോടി രൂപ നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് .ആഭ്യന്തര വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം . തുകയിൽ 50 ശതമാനം ഭാര്യക്കും 50 ശതമാനം മാതാപിതാക്കൾക്കുമാണ് നൽകുക എന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ രക്തസാക്ഷിത്വത്തിന് ശേഷം, ഇതുമായി ബന്ധപ്പെട്ട വിവാദം ഉയർന്നിരുന്നു . അൻഷുമാന് ലഭിച്ച കീർത്തി ചക്ര ഭാര്യ സ്മൃതി സിംഗ് കൊണ്ടുപോയെന്നായിരുന്നു മാതാപിതാക്കൾ ഉന്നയിച്ച പരാതി . തുടർന്ന് വീരമൃത്യു വരിച്ച സൈനികർക്ക് സർക്കാർ നൽകുന്ന തുകയുമായി ബന്ധപ്പെട്ട പല വിധ ചർച്ചകളുമുണ്ടായി . ഇതിന് പിന്നാലെയാണ് ഫണ്ട് വിതരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം .
സൈന്യത്തിൽ റിക്രൂട്ട് ചെയ്യുന്ന വേളയിൽ സൈനികന്റെ മാതാപിതാക്കളുടെ പേരാണ് രജിസ്റ്റർ ചെയ്യുക . എന്നാൽ വിവാഹശേഷം, പങ്കാളിയുടെ പേര് രജിസ്റ്റർ ചെയ്യുകയും അവർക്ക് എക്സ്ഗ്രേഷ്യ തുക നൽകുകയുമാണ് ചെയ്യുന്നത് .















