കൊച്ചി: എറണാകുളത്ത് എച്ച് 1 എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. എറണാകുളം ആലങ്ങാട് സ്വദേശിയായ ലിയോൺ ഷിബു(4) ആണ് മരിച്ചത്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍1 ആണെന്ന് കണ്ടെത്തിയത്. വൈകീട്ട് നാല് മണിക്കാണ് സംസ്കാരം.
മലപ്പുറത്തും രോഗം ബാധിച്ച് ഒരു മരണം സംഭവിച്ചിരുന്നു. പൊന്നാനി സ്വദേശിയായ സൈഫുനിസയാണ് (47) മരിച്ചത്. പനി ബാധിച്ച് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സൈഫുനിസ മരിച്ചത്.
വായുവിലൂടെ പകരുന്ന വൈറസ് രോഗമാണ് എച്ച് 1 എൻ1. സാധാരണക്കാരിൽ രോഗലക്ഷണങ്ങൾ ഒന്ന് മുതൽ രണ്ടാഴ്ചക്കകം കുറയുമെങ്കിലും ഗർഭിണികൾ, പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാർ, രണ്ട് വയസിൽ താഴെയുള്ള കുട്ടികൾ, മുതിർന്നവർ, മറ്റു ഗുരുതരരോഗങ്ങൾ ഉള്ളവർ എന്നിവർ ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്‌ദ്ധർ അറിയിച്ചിട്ടുണ്ട്.
ലക്ഷണങ്ങൾ
പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്.