ന്യൂഡൽഹി: കഴിഞ്ഞ ആറ് മാസത്തിനിടെ ഛത്തീസ്ഗഢിലെ ബസ്തറിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ടത് 51 യുവതികളടക്കം 144 കമ്യൂണിസ്റ്റ് ഭീകരർ. രാജ്യതലസ്ഥാനത്ത് നടന്ന സംവാദ പരിപാടിയിലാണ് ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി വിജയ് ശർമ്മ ഇക്കാര്യം അറിയിച്ചത്.
ബസ്തർ മേഖലയിലെ ഏറ്റുമുട്ടൽ കൊലപാതങ്ങളെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണം തള്ളിക്കളഞ്ഞ അദ്ദേഹം കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷനുകൾ നടക്കുന്നതെന്ന് വ്യക്തമാക്കി. ഭീകരരുമായി നിരുപാധികമായ ചർച്ചയ്‌ക്ക് സംസ്ഥാന സർക്കാർ തയ്യാറാണ്. ഡൽഹി പോലുള്ള നഗരങ്ങളിൽ താമസിക്കുന്ന “അർബൻ നക്‌സലുകൾ” പാവപ്പെട്ട വനവാസികളെ സമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ്. പ്രദേശത്ത് നടക്കുന്ന ഐഇഡി സ്ഫോടനങ്ങൾക്ക് ഫണ്ട് അടക്കം എത്തിക്കുന്നത് അർബൻ നക്സലുകളാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
കീഴടങ്ങാൻ മുന്നോട്ട് വരുന്നവർക്ക് എപ്പോൾ വേണമെങ്കിലും തന്നെയോ ഓഫീസർമാരെയോ സമീപിക്കാം. അവർക്ക് നേരിട്ട് വരാൻ കഴിയുന്നില്ലെങ്കിൽ, വിളിക്കുകയോ സന്ദേശമയയ്‌ക്കുകയോ വാട്ട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യാം, അവരുടെ സുരക്ഷ ഞങ്ങൾ ഉറപ്പാക്കുമെന്നും ഡൽഹിയിലെ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് ശർമ്മ പറഞ്ഞു.















