റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ബോഡി ഷെയിമിംഗ് നടത്തിയ സംഭവത്തിൽ മാദ്ധ്യമപ്രവർത്തകയ്‌ക്ക് പിഴയിട്ട് കോടതി. മിലാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗിലിയ കോർട്ടീസ് എന്ന ജേർണലിസ്റ്റിന് എതിരെയാണ് നടപടി.
പ്രധാനമന്ത്രി മെലോണിയുടെ ഉയരത്തെയായിരുന്നു അവർ പരിഹസിച്ചത്. ഇതുസംബന്ധിച്ച പോസ്റ്റ് അവർ എക്സിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു. തുടർന്ന് പോസ്റ്റിനെതിരെ ഇറ്റാലിയൻ സർക്കാർ കോടതിയെ സമീപിച്ചതോടെയാണ് മാദ്ധ്യമപ്രവർത്തകയ്‌ക്ക് പണി കിട്ടിയത്. 5,000 യൂറോ (4,55,195 ലക്ഷം രൂപ) പിഴ അടയ്‌ക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാൽ തനിക്കെതിരായ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ജേർണലിസ്റ്റ് പ്രതികരിച്ചു.
മെലോണിയെ ഏകാധിപതി മുസോളിനിയുമായി താരതമ്യപ്പെടുത്തിയാണ് ജേർണലിസ്റ്റ് ആദ്യം പോസ്റ്റ് പങ്കുവച്ചത്. തുടർന്ന് മെലോണിയും മാദ്ധ്യമപ്രവർത്തകയും തമ്മിൽ എക്സിൽ വാക്പോരായി. ഇതിനിടെയാണ് മെലോണിയുടെ ഉയരത്തെ മാദ്ധ്യമപ്രവർത്തക പരിഹസിച്ചത്. “ജോർജിയ മെലോണി, നിങ്ങൾക്ക് എന്നെ പേടിപ്പിക്കാനാവില്ല, കാരണം വെറും 1.2 മീറ്റർ (4 അടി) ഉയരമാണ് നിങ്ങളുള്ളത്. നിങ്ങളെ എനിക്ക് കാണാൻ പോലുമില്ല”– എന്നായിരുന്നു മാദ്ധ്യമപ്രവർത്തകയുടെ മറുപടി. ഇതാണ് കോടതിയിലെത്തിയത്.















