ലക്നൗ: കൻവാർ യാത്രയോടനുബന്ധിച്ച് യാത്രാപാതയിൽ പ്രവർത്തിക്കുന്ന എല്ലാ ഹോട്ടലുകളുടെ മുന്നിലും പേരെഴുതിയ ബോർഡ് സ്ഥാപിക്കണമെന്ന കർശന നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹോട്ടലിന്റെയും ഉടമയുടെയും ജീവനക്കാരുടെയും പേര് എഴുതി വയ്‌ക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
കൻവാർ യാത്രയുടെ പവിത്രത സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നും തീർത്ഥാടകരുടെ സുരക്ഷ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഉത്തരവിന് പിന്നാലെ ഹരിദ്വാർ പൊലീസും ഹോട്ടലുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ കടയുടമകളും കടകൾക്ക് പുറത്ത് പേരുകൾ രേഖപ്പെടുത്തേണ്ടത് നിർബന്ധമാണെന്ന് ഹരിദ്വാർ സീനിയർ പൊലീസ് സൂപ്രണ്ട് നിർദേശിച്ചു.
ചെറിയ ഭക്ഷണശാലകൾക്ക് ഉൾപ്പെടെ ഉത്തരവ് ബാധകമാണ്. കടയുടമകളുടെ പേര്, ക്യു ആർ കോഡ്, മൊബൈൽ നമ്പറുകൾ എന്നിവ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം മുസാഫർനഗർ പൊലീസും സമാന ഉത്തരവിറക്കിയിരുന്നു. മതപരമായ സംഘർഷങ്ങൾ യാത്രാമദ്ധ്യ ഉണ്ടാകരുതെന്നും യാത്രയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുസാഫർനഗർ പൊലീസ് വ്യക്തമാക്കി.
വരുന്ന 22-നാണ് കൻവാർ യാത്ര ആരംഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് കാൻവാർ യാത്രയിൽ പങ്കെടുക്കുന്നത്.