ആഷാഢ മാസത്തിലെ പൗർണ്ണമി / വെളുത്ത വാവ് ദിവസമാണ് ഗുരുപൂർണ്ണിമ അഥവാ വ്യാസപൂർണ്ണിമ ദിനം. ഭഗവാൻ വേദവ്യാസ മഹർഷി ഭൂമിയിൽ അവതരിച്ച ദിവസം ആണിത്. ഈ ദിനം ഭാരതീയർ ആത്മീയവും അക്കാദമികവുമായ എല്ലാ ഗുരുക്കന്മാരെയും ആദരിക്കുന്നതിനായി മാറ്റി വെച്ചിരിക്കുന്നു. വ്യാസനെ സർവ്വശ്രേഷ്ഠഗുരുവായി സങ്കൽപ്പിച്ച് എല്ലാ ഗുരുക്കന്മാരേയും പൂജിക്കുന്ന ദിനമാണിത്.
ഗുരുപൂർണ്ണിമയുടെ വേരുകൾ പുരാതന ഇന്ത്യൻ പാരമ്പര്യത്തിലാണ്. ഭാരതീയമായ രീതി അനുസരിച്ച് ഈ ദിവസം, ശിഷ്യന്മാർ തങ്ങളുടെ ഗുരുവിനെ പൂജിക്കുകയോ ആദരിക്കുകയോ ചെയ്യുന്നു. നമ്മുടെ ഗുരുക്കൻമാർ ഏറെ പരിശ്രമിച്ച് നമ്മിൽ സന്നിവേശിപ്പിച്ച മൂല്യങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കുന്നതെന്ന ബോധ്യമാണ് ഗുരുപൂർണ്ണിമ ആഘോഷത്തിന്റെ മൂല ബിന്ദു. അങ്ങിനെ ശരിയായ പാതയിലൂടെ സഞ്ചരിക്കാനും ജീവിതത്തിൽ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താനും നമ്മെ പഠിപ്പിക്കുന്ന ഗുരുക്കന്മാർക്കാണ് ഗുരുപൂർണ്ണിമ ദിവസം ആദരവ് സമർപ്പിക്കുന്നത്.
‘ഗുരു’ എന്ന വാക്ക് രണ്ട് സംസ്‌കൃത പദങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്: ‘ഗു, എന്നാൽ അന്ധകാരം’, ‘രു’, അന്ധകാരത്തെ അകറ്റുന്നവൻ. അതിനാൽ, അജ്ഞതയുടെ അന്ധകാരത്തെ അകറ്റി അറിവിലേക്കും ജ്ഞാനത്തിലേക്കും നമ്മെ നയിക്കുന്ന ഒരാളാണ് ഗുരു.
ബുദ്ധമത പാരമ്പര്യം അനുസരിച്ച് ബുദ്ധൻ ജ്ഞാനോദയം നേടിയ ശേഷം സാരാനാഥിൽ തന്റെ ആദ്യ പ്രഭാഷണം നടത്തിയ ദിവസമാണ് ഗുരുപൂർണ്ണിമ. ബുദ്ധമത വിശ്വാസികൾ ഈ ദിവസം പ്രാർത്ഥിച്ചും ധ്യാനം പരിശീലിച്ചും ആഘോഷിക്കുന്നു. ജൈന മത പാരമ്പര്യം അനുസരിച്ച് 24-ാമത്തെ തീർത്ഥങ്കരനായ മഹാവീരനെ ആരാധിക്കുന്നതിനാണ് ഗുരുപൂർണ്ണിമ ആചരിക്കുന്നത്.
“അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീഗുരവേ നമ”
അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാനായി ജ്ഞാനമാകുന്ന അഞ്ജനം കൊണ്ടെഴുതി(അക) കണ്ണുകൾ തുറപ്പിക്കുന്ന ഗുരുവിനെ നമസ്കരിക്കുന്നു എന്നാണ് ഈ ശ്ലോകത്തിന്റെ അർത്ഥം.
“അഖണ്ഡ മണ്ഡലാകാരം
വ്യാപ്തം യേന ചരാചരം
തദ്പദം ദർശിതം യേന
തസ്മൈ ശ്രീ ഗുരവേ നമ..”
അഖണ്ഡ മണ്ഡലാകാരമായ ചരാചരങ്ങൾ യാതൊന്നാൽ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ ആ പദം യാതൊരുവനാൽ കാണിക്കപ്പെട്ടുവോ അങ്ങനെയുള്ള ഗുരുവിനെ നമസ്കരിക്കുന്നു എന്നാണ് ഈ ശ്ലോകത്തിന്റെ അർത്ഥം.
യഥാർത്ഥത്തിൽ, ആഷാഢ പൗർണ്ണമി തിഥി ജൂലൈ 20-ന് വൈകുന്നേരം 06 .04 മുതൽ ആരംഭിച്ച് ജൂലൈ 21-ന് 03:49 PM-ന് അവസാനിക്കും. എന്നാൽ തീയതി കണക്കാക്കുമ്പോൾ സൂര്യോദയം മുതലാണ് വരിക. അതുകൊണ്ടാണ് ഗുരുപൂർണ്ണിമയുടെ വ്രതം ജൂലൈ 21 ന് ആചരിക്കുന്നത്. ചടങ്ങുകളും അന്നാണ് നടത്തേണ്ടത്
ഗുരുവും അവരുടെ ശിഷ്യരും തമ്മിലുള്ള പവിത്രമായ ബന്ധത്തെ ബഹുമാനിക്കുന്ന ദിവസമാണ് ഗുരുപൂർണിമ. നമ്മുടെ ജീവിതത്തിൽ , മാർഗനിർദേശത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഈ ദിവസം നടക്കുക.
“ഗുരുവര കരുണാ ലേശമുണ്ടെന്നു വന്നാൽ
ഒരുവനുമൊരുകാര്യം സാധ്യമല്ലാതെയുണ്ടോ.?
പരമതിലൊരു ദൈവം മറ്റെനിക്കില്ല പാർത്താൽ
പരമശിവനാമാചാര്യനെ കൈ തൊഴുന്നേൻ..!”
എന്ന് എഴുത്തച്ഛൻ എഴുതിയത് അക്ഷരാർത്ഥത്തിൽ ശരിയാണ്.















