എറണാകുളം: കുടിശ്ശിക വരുത്തിയ ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടെയെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ക്ഷേമപെൻഷൻ നൽകാത്തതിനെ തുടർന്ന് പിച്ചച്ചട്ടിയുമായി പ്രതിഷേധത്തിനിറങ്ങിയ ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവരുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഷ്താഖ് മുഹമ്മദ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള വിഹിതവും സെസും ലഭിച്ചിട്ടും സംസ്ഥാന സർക്കാർ കുടിശ്ശിക വരുത്തിയ ക്ഷേമപെൻഷൻ കൊടുത്തു തീർക്കുന്നില്ലെന്ന് മറിയക്കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.
ക്ഷേമപെൻഷനിൽ കേന്ദ്ര സർക്കാരിന്റെ വിഹിതവും സെസും സംസ്ഥാനസർക്കാർ ക്ഷേമപെൻഷനായി നൽകുന്ന തുകയും സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിക്കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ സംബന്ധിച്ച് വിശദ വിവരം നൽകാനും കോടതി നിർദേശിച്ചു. കേസ് 30-ാം തീയതി വീണ്ടും പരിഗണിക്കുമെന്നും കുടിശ്ശിക വരുന്ന പെൻഷൻ കുറച്ചെങ്കിലും കൊടുക്കുന്ന കാര്യം സർക്കാർ ആലോചിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവംബർ ഒൻപതിനാണ് ഭിക്ഷയാചിച്ച് സമരം നടത്തിയത്. സർക്കാർ ക്ഷേമപെൻഷൻ നൽകുന്നില്ലെന്നും മരുന്ന് വാങ്ങാൻ പോലും പണമില്ലെന്നും പറഞ്ഞാണ് മറിയക്കുട്ടി സമരത്തിനിറങ്ങിയത്. മറിയക്കുട്ടിയ്‌ക്ക് കോടിയുടെ ആസ്ഥിയുണ്ടെന്ന് സിപിഎം കള്ളപ്രചാരണം നടത്തിയെങ്കിലും അത് പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ സർക്കാരിനെതിരെ മറിയക്കുട്ടി
കേസ് ഫയൽ ചെയ്തത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനെതിരെ മത്സരിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.