ന്യൂഡൽഹി: ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിനെതിരെ കടുത്ത നടപടിക്കൊരുങ്ങി യു.പി.എസ്.സി. ഐഎഎസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.പി.എസ്.സി പൂജയ്‌ക്ക് നോട്ടീസ് അയച്ചു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സർവ്വീസിൽ പ്രവേശിച്ചതെന്നും പരീക്ഷയ്‌ക്കായുള്ള അപേക്ഷയിൽ തന്നെ തട്ടിപ്പ് നടത്തിയതായും യു.പി.എസ്.സി കണ്ടെത്തി. പൂജക്കെതിരെ കേസെടുക്കാൻ പൊലീസിന് യു.പി.എസ്.സി നിർദ്ദേശം നൽകി. സിവിൽ സർവീസ് പരീക്ഷയിൽ മുൻഗണന കിട്ടാൻ ഒബിസി നോൺ – ക്രീമിലെയർ സർട്ടിഫിക്കറ്റും അംഗപരിമിതിയുണ്ടെന്ന വ്യാജ സർട്ടിഫിക്കറ്റും ഹാജരാക്കിയെന്ന് ആയിരുന്നു ആരോപണം ഉയർന്നത്.
കാഴ്ച പരിമിതി സർട്ടിഫിക്കറ്റ് വ്യാജമാണ്. പല വ്യാജരേഖകളും ചമച്ച് പേരുകൾ പോലും മാറ്റിയാണ് ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്ന് വ്യക്തമായിരുന്നു. 32 കോടിയിലധികം ആസ്ഥിയുള്ള പൂജ ഖേദ്കർ 8 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളൂ എന്ന് കാണിച്ചതിൽ ക്രമക്കേടുണ്ട്.
2012-ലെ പരീക്ഷയിൽ പൂജ പങ്കെടുത്തത് വ്യാജ രേഖകൾ ഉപയോഗിച്ചാണ്.” യു.പി.എസ്.സി പ്രസ്താവനയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎഎസ് റദ്ദാക്കാൻ തീരുമാനിച്ചത്. പൂജ ഖേദ്കറെ ഭാവിയിലെ മുഴുവൻ പരീക്ഷകളിൽ നിന്നും അയോഗ്യയാക്കി ഏജൻസി ഉത്തരവും പുറത്തിറക്കി. ക്രിമിനൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികളും ആരംഭിച്ചു.
മഹാരാഷ്‌ട്ര സർക്കാർ കേന്ദ്ര പേഴ്സണൽ ആന്റ് ട്രെയിനിംഗ് വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് പൂജയ്‌ക്കെതിരെ യു.പി.എസ്.സി നടപടിയെടുത്തത്. ഡൽഹി എയിംസിൽ ആരോപണങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കാൻ പലവട്ടം ആവശ്യപ്പെട്ടിട്ടും പൂജ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയവും യു.പി.എസ്.സിയുടെ നിർദ്ദേശപ്രകാരം മഹാരാഷ്‌ട്ര സർക്കാരും അന്വേഷണം നടത്തുന്നത്.















