ന്യൂഡൽഹി: വിവാദ സംവരണ നിയമത്തിനെതിരെ ബംഗ്ലാദേശിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ത്യൻ സമൂഹം നിലവിൽ സുരക്ഷിതമാണെന്ന് വിദേശകാര്യമന്ത്രാലയം. സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ചു വരികയാണ്. ബംഗ്ലാദേശിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
ബംഗ്ലാദേശിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്കായി മന്ത്രാലയം സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഏകദേശം 8500ൽ അധികം വിദ്യാർത്ഥികളും 15,000 ഇന്ത്യൻ പൗരന്മാരും ബംഗ്ലാദേശിലുണ്ട്. ഇവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ കുടുംബാംഗങ്ങൾ വിവരങ്ങൾ അറിയാൻ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും രൺധീർ അറിയിച്ചു.
സർക്കാർ ജോലികളിലെ വിവാദമായ സംവരണ നയത്തിനെതിരായാണ് ബംഗ്ലാദേശിൽ പ്രതിഷേധം കനക്കുന്നത്. പ്രക്ഷോഭത്തിൽ നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും പ്രതിഷേധക്കാരിൽ പ്രതിഷേധക്കാരിൽ 30ലധികം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഘർഷത്തെ തുടർന്ന് രാജ്യത്ത് മൊബൈൽ – ഇന്റർനെറ്റ് സേവനങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തും സുരക്ഷാ വർദ്ധിപ്പിച്ചിരുന്നു.