ന്യൂഡൽഹി: ദേശീയസുരക്ഷയുടെ കാര്യത്തിൽ എല്ലാ ഏജൻസികളുടെയും സമഗ്രമായ ഏകോപനമുണ്ടാകണമെന്ന് അമിത്ഷാ. ഇന്റലിജൻസ് ബ്യുറോയുടെ വിവിധ ഏജൻസികളുടെ പ്രവർത്തനം അവലോകനം ചെയ്യാനായി ചേർന്ന ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം. വിവിധ സുരക്ഷാ, നിയമ നിർവ്വഹണ ഏജൻസികളുടെ തലവന്മാരുമായാണ് അമിത്ഷാ കൂടിക്കാഴ്ച നടത്തിയത്.
ജമ്മു കശ്മീരിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. രാജ്യത്തെ ആഭ്യന്തര സുരക്ഷാ സാഹചര്യങ്ങളും ഭീകരതയ്‌ക്കെതിരായ ഇതുവരെയുള്ള പ്രവർത്തനങ്ങളും അവലോകനം ചെയ്ത കേന്ദ്രമന്ത്രി തീവ്രവാദ ശൃംഖലകളെയും അവയ്‌ക്ക് പിന്തുണ നൽകുന്ന ഘടകങ്ങളെയും കണ്ടെത്തി തകർക്കാൻ ഏജൻസികൾ തമ്മിൽ കൂടുതൽ ഏകോപനം ഉണ്ടാകണമെന്ന് നിർദ്ദേശിച്ചു. നിയമ നിർവ്വഹണ ഏജൻസികൾ, മയക്കുമരുന്ന് വിരുദ്ധ ഏജൻസികൾ, സൈബർ സുരക്ഷാ ഏജൻസികൾ, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയെല്ലാം ഒരു ഏകീകൃത പ്ലാറ്റഫോമായി പ്രവർത്തിക്കണം.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട ഏജൻസികളിൽ ഊർജ്ജ സ്വലരായ, സാങ്കേതിക വൈദഗ്ധ്യമുള്ള യുവ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ രൂപീകരിക്കും. ഭീകരശൃംഖലകളെ തകർക്കാൻ സഹായകമായ നൂതന സാങ്കേതിക വിദ്യകളായ ബിഗ് ഡാറ്റ, എഐ അനലിറ്റിക്‌സ് മുതലായവ ഉപയോഗിക്കാനും അദ്ദേഹം നിർദ്ദേശം നൽകി. വേഗത്തിലുള്ള കൂടുതൽ കാര്യക്ഷമമായ നടപടികൾക്ക് ഇത് സഹായകമാകുമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.