ധാക്ക: ബംഗ്ലാദേശിലെ ക്രമസമാധാന നില താറുമാറാക്കി സംവരണ വിരുദ്ധ പ്രക്ഷോഭം. വിദ്യാർത്ഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 105 പേർ മരിച്ചതായാണ് കണക്ക്. 2,500 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ മാത്രം 52 ജീവനുകളാണ് പൊലിഞ്ഞത്. സമരക്കാരെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളിൽ പലരും നാട്ടിൽ തിരികെയെത്തി. വടക്കു കിഴക്കൻ അതിർത്തിയിലൂടെ 300-ലധികം പേരാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. മടങ്ങിയെത്തിവരിൽ ഏറെ പേരും എംബിബിഎസ് ബിരുദം നേടിയവരാണ്. ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തിരികെയെത്തിയത്. ത്രിപുരയിലെ അഗർത്തലയ്‌ക്കടുത്തുള്ള അഖുറ, മേഘാലയയിലെ ദൗകി അതിർത്തികളിലൂടെയാണ് വിദ്യാർത്ഥികൾ എത്തിയത്. ഭൂട്ടാൻ, നേപ്പാൾ സ്വദേശികളും ഇന്ത്യയിലെത്തിയ വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു.
കർഫ്യൂ പ്രഖ്യാപിച്ചതും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിയതുമാണ് പലരും രാജ്യത്തേക്ക് തിരികെയെത്താൻ കാരണം. സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്നും വിദ്യാർത്ഥികൾ പറയുന്നു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ളാദേശിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ബംഗ്ലാദേശിലുള്ള 8,500 ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ എംബസി നടപടി സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.
മൂന്നാഴ്ചയായി തുടരുന്ന പ്രതിഷേധം ആളിക്കത്തുകയാണ്. ബംഗ്ലാദേശിലെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ബിടിവിയുടെ ആസ്ഥാനത്ത് അക്രമികൾ തീയിടുകയും കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറുകൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. കലാപകാരികൾ ജയിലിനും തീയിട്ടു. ഇതിന് പിന്നാലെ നൂറിലേറെ തടവുകാരെ മേചിപ്പിച്ചു. സംഘർഷം ഇപ്പോഴും തുടരുകയാണ്.
ബംഗ്ലാദേശിന്റെ രൂപികരണത്തിലേക്ക് നയിച്ച 1971-ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചതാണ് രാജ്യത്തെ വിദ്യാർത്ഥികൾ പ്രക്ഷോഭമായി രംഗത്തിറങ്ങാൻ കാരണം. മെറിറ്റ് അടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വയ്‌ക്കുംവരെ സമരം തുടരുമെന്നാണ് കലാപകാരികളുടെ നിലപാട്.