ബെംഗളൂരു: കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. രക്ഷാപ്രവർത്തനം രാവിലെ 6ണിയോടെ തുടങ്ങിയിരുന്നുവെന്നും ദുരന്ത സ്ഥലത്ത് എൻഡിആർഎഫ്, അഗ്നിശമന സേന, പൊലീസ് തുടങ്ങിയവരെത്തി ദൗത്യം ഏകോപിപ്പിക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.
മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തെ ഒരു വശത്ത് നിന്ന് മണ്ണ് മുഴുവനായും നീക്കം ചെയ്തിട്ടുണ്ട്. മറുവശത്ത് നിന്ന് മണ്ണ് നീക്കം ചെയ്ത് വരികയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കർണാടകയിൽ നിന്നെത്തിക്കുന്ന റഡാറുപയോഗിച്ചാണ് പരിശോധന നടത്തുക. ലോറി മണ്ണിനടിയിലുണ്ടോയെന്നറിയാൻ ഇത് സഹായിക്കുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
വെള്ളത്തിലും മണ്ണിലും റഡാർ ഉപയോഗിച്ചുള്ള പരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ 7 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്നും കളക്ടർ പറഞ്ഞു.
പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യമാണ്. നദി കരവിഞ്ഞൊഴുകുന്നുണ്ട്. തുടർച്ചയായി പെയ്യുന്ന മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുന്നുണ്ടെന്നും എസ്പി നാരായണൻ പറഞ്ഞു. ഇന്ന് ഉച്ചയോടെ ലോറിയുടെ ജിപിഎസ് ലൊക്കേഷൻ കാണിച്ച ഭാഗത്തേക്ക് എത്തിച്ചേരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.















