കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ യാത്രക്കാരന് കുത്തേറ്റു. ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് (16307) എക്‌സ്പ്രസിലായിരുന്നു സംഭവം. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിയത്. ഇന്നലെ രാത്രി 11.25ന് പയ്യോളിക്കും വടകരയ്‌ക്കും ഇടയിൽ ട്രെയിനിന്റെ ജനറൽ കോച്ചിലായിരുന്നു സംഭവം. ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് സഹയാത്രികന്റെ നെറ്റിയിൽ ഇയാൾ സ്‌ക്രൂ ഡ്രൈവർ കൊണ്ട് കുത്തിയത്.
സ്ത്രീകൾ ഇയാളോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. സ്ത്രീകൾ അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് സഹയാത്രികൻ ഇടപെട്ടത്. ഇതോടെയാണ് ഇയാൾ സ്‌ക്രൂഡ്രൈവറെടുത്ത് കുത്തിയത്.
ട്രെയിൻ വടകര സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്‌തെങ്കിലും യാത്രക്കാർക്ക് പരാതിയില്ലാത്തതിനെ തുടർന്ന് വിട്ടയച്ചു. മദ്യലഹരിയിലായിരുന്നു അക്രമിയെന്ന് യാത്രക്കാർ പറഞ്ഞു.