പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതിനായി വിരലറ്റം മുറിച്ചുമാറ്റി ഓസ്‌ട്രേലിയൻ ഹോക്കി താരം മാറ്റ് ഡോസൻ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് 30-കാരനായ താരത്തിന്റെ വലതുകൈയിലെ മോതിര വിരലിന് പൊട്ടലുണ്ടായത്. പരിക്ക് ഭേദമാകാൻ പ്ലാസ്റ്ററിടണമെന്നും ഒളിമ്പിക്‌സ് നഷ്ടമാകുമെന്നും ഡോക്ടർമാർ അറിയിച്ചതോടെയാണ് വിരലറ്റം മുറിച്ചുമാറ്റാൻ താരം തയ്യാറായത്. സുരക്ഷയ്‌ക്കായി മുറിച്ച വിരലിന്റെ ഭാഗത്ത് ഫിംഗർ ക്യാപ്പ് ഇട്ടാണ് ഡോസൻ മത്സരിക്കാനിറങ്ങുക. താരത്തിന്റെ മൂന്നാം ഒളിമ്പിക്‌സാണിത്.
ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ ഹോക്കി ടീമിലെ അംഗമാണ് മാറ്റ് ഡോസൻ. വിരലിന് പരിക്ക് മാറണമെങ്കിൽ പ്ലാസ്റ്ററിടണം .എന്നാൽ പ്ലാസ്റ്ററിട്ടാൽ പരിക്ക് ഭേദമാകാൻ കാലതാമസമുണ്ടാകും. ഇതോടെ പാരിസ് ഒളിമ്പിക്‌സ് നഷ്ടമാകും. തുടർന്ന് ശസ്ത്രക്രിയയിലൂടെ വിരലറ്റം മുറിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്ലാസ്റ്റിക് സർജന്റെ സഹായത്താലാണ് ശസ്ത്രക്രിയ നടത്തിയത്.
ഹോക്കിയോടും രാജ്യത്തോടുമുള്ള ഡൗസന്റെ പ്രതിബദ്ധതയെ ആരാധകരും വാനോളം പുകഴ്‌ത്തുകയാണ്. ഓസീസ് പരിശീലകനും താരത്തിന്റെ പ്രവൃത്തിയെ പ്രകീർത്തിച്ചു.