ന്യൂഡൽഹി: യു പി എസ് സി ചെയർമാൻ മനോജ് സോണി രാജിവച്ചു. കാലാവധി തീരാൻ അഞ്ചുവർഷം ശേഷിക്കെയാണ് അദ്ദേഹത്തിന്റെ രാജി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. 2017ൽ യുപിഎസ്‌സിയിൽ അംഗമാകുന്ന സോണി 2023 മേയ് 16ന് ആണ് കമ്മിഷന്റെ അധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2029 മെയ് വരെ കാലാവധി ബാക്കി നിൽക്കെയാണ് രാജിവെച്ചിരിക്കുന്നത്.
അതേസമയം വ്യാജ രേഖകള്‍ സമർപ്പിച്ച് സിവില്‍ സര്‍വീസില്‍ പ്രവേശിച്ച ട്രെയിനീ ഐഎഎസ് ഓഫീസർ പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദവുമായി സോണിയുടെ രാജിക്ക് ബന്ധമില്ലെന്നും അതിനും വളരെ മുമ്പ് തന്നെ രാജി സമർപ്പിച്ചിട്ടുണ്ടായിരുന്നെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ല.
യുപിഎസ്‌സിയിൽ എത്തുന്നതിന് മുമ്പ് ഡോ. സോണി മൂന്ന് തവണ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009 ഓഗസ്റ്റ് 01 മുതൽ 2015 ജൂലൈ 31 വരെ തുടർച്ചയായി രണ്ട് തവണ ഡോ. ബാബാസാഹേബ് അംബേദ്കർ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (BAOU) വൈസ് ചാൻസലറായും, 2005 ഏപ്രിൽ മുതൽ മഹാരാജ സയാജിറാവു യൂണിവേഴ്‌സിറ്റി ഓഫ് ബറോഡയുടെ (ബറോഡയിലെ എംഎസ്‌യു) വൈസ് ചാൻസലറായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിരുന്നു. ഗുജറാത്തിലെ അൺ-എയ്ഡഡ് പ്രൊഫഷണൽ അന്തർധാരകളുടെ ഫീസ് ഘടന നിയന്ത്രിക്കുന്ന ഗുജറാത്ത് ലെജിസ്ലേച്ചറിന്റെ ഒരു നിയമപ്രകാരം രൂപീകരിച്ച അർദ്ധ-ജുഡീഷ്യൽ ബോഡിയിലും അദ്ദേഹം അംഗമായിരുന്നു.















