പൂർവികർക്ക് നൽകിയ വാക്ക് പാലിക്കാൻ ആഞ്ജനേയ ക്ഷേത്രം പണിയുന്ന മുസ്ലീം സഹോദരങ്ങൾ . ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുളിച്ചേരൽ മണ്ഡലത്തിലെ കെ.കോട്ടപ്പേട്ട ഗ്രാമത്തിലെ സഹോദരങ്ങളായ ഫിറോസും ചാന്ദ് ഭാഷയുമാണ് പിതാവ് ആസിദ് ബാഷയുടെ ആഗ്രഹപ്രകാരം ഏഴ് ക്ഷേത്രങ്ങളുടെ സമുച്ചയത്തോടെ ആഞ്ജനേയ ക്ഷേത്രം നിർമ്മിക്കുന്നത്.
ആസിദ് ബാഷ ആഞ്ജനേയ സ്വാമിയുടെ അനുഗ്രഹത്തോടെ ജനിച്ച വ്യക്തിയായിരുന്നു. അതിനാലാണ്, തങ്ങളുടെ പിതാവിന്റെ ആഗ്രഹപ്രകാരം ഈ ക്ഷേത്രം പണിയുന്നതെന്ന് ഫിറോസും ചാന്ദ് ബാഷയും പറയുന്നു.
2010-ലാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത് . ഈ ക്ഷേത്രത്തിന് വേണ്ടി കൂലിപ്പണി ചെയ്താണ് ഇവർ പണം സമ്പാദിക്കുന്നത്. താങ്ങാനാവുന്നതിലുമധികം ചെലവഴിച്ചാണ് അവർ ഈ ക്ഷേത്രം പണിയുന്നത്. എങ്കിലും, ചെലവിനെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല. ആദ്യം പണികഴിപ്പിച്ചത് ആഞ്ജനേയസ്വാമി മന്ദിരമാണ്.
പിന്നീട് ഗണപതിയുടെയും സായിബാബയുടെയും ക്ഷേത്രങ്ങൾ അടുത്തടുത്തായി നിർമ്മിക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുകയും ചെയ്തു. അതിനുശേഷം വെങ്കിടേശ്വര ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചു. തിരുമല ദർശനത്തിനായി കാൽനടയായി വരുന്ന നിരവധി ഭക്തർക്ക് വിശ്രമിക്കാൻ തങ്ങളുടെ ക്ഷേത്രത്തിൽ സൗകര്യമുണ്ടെന്നു ഈ മുസ്ലീം സഹോദരങ്ങൾ പറയുന്നു.















