ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ടിന്റെ വെബ്‌സൈറ്റിൽ തങ്ങളുടെ ഇരുചക്രവാഹന ശ്രേണിയിലെ എല്ലാ ബൈക്കുകളും ഇനിമുതൽ ബുക്ക് ചെയ്യാമെന്ന് ബജാജ് ഓട്ടോ. ബ്രാൻഡിന്റെ ഇരുചക്രവാഹനങ്ങളിൽ 100 സിസി മുതൽ 400 സിസി വരെയുള്ള മോട്ടോർസൈക്കിളുകൾ ഉൾപ്പെടുന്നു.
വില 69,000 രൂപ മുതൽ 2.31 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം). മുംബൈ ഉൾപ്പെടെ 25 നഗരങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ബജാജ് മോട്ടോർസൈക്കിളുകൾ ബുക്ക് ചെയ്യാം. ഭാവിയിൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ബ്രാൻഡ് ലക്ഷ്യമിടുന്നു.
ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ പ്രത്യേക ലോഞ്ച് ഓഫറുകൾ പരിമിത കാലത്തേക്ക് മാത്രമേ ലഭിക്കൂ എന്നും ബജാജ് അറിയിച്ചു. അടുത്തിടെ പുറത്തിറക്കിയ ഫ്രീഡം 125 സിഎൻജി മോട്ടോർസൈക്കിൾ, പൾസർ ബ്രാൻഡിന് കീഴിലുള്ള 11 മോട്ടോർസൈക്കിളുകൾ, ഡൊമിനറിന്റെ രണ്ട് മോഡലുകൾ, അവഞ്ചർ ക്രൂയിസറിന്റെ മൂന്ന് ഡെറിവേറ്റീവുകൾ, സിടി കമ്മ്യൂട്ടറിന്റെ രണ്ട് വകഭേദങ്ങൾ, പ്ലാറ്റിന, ചേതക് ഇലക്ട്രിക് സ്കൂട്ടർ എന്നിവ ബജാജ് ഓട്ടോ നിലവിൽ വിൽക്കുന്നു.















