ധാക്ക: ബംഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രതിഷേധം കലാപത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ മാതൃരാജ്യത്തേക്ക് മടങ്ങിയെത്തി. ഇതുവരെ 998 വിദ്യാർത്ഥികൾ സുരക്ഷിതരായി ഇന്ത്യയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും, ചിത്തഗോംഗ്, രാജ്ഷാഹി, സൈൽഹെറ്റ്, ഖുൽന എന്നിവിടങ്ങളിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളും സംയുക്തമായാണ് ഇന്ത്യൻ പൗരന്മാരുടെ തിരിച്ചുവരവ് ഏകോപിപ്പിക്കുന്നത്.
ബംഗ്ലാദേശിലെ വിവിധ സർവകലാശാലകളിലായി നാലായിരത്തോളം
ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠിക്കുന്നതെന്നും ഇവരുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റോഡ് മാർഗമാണ് ഇന്ത്യക്കാരെ ബംഗ്ലാദേശിൽ നിന്ന് എത്തിക്കുന്നത്. ഇവർ വരുന്ന വാഹനങ്ങൾക്ക് സെക്യൂരിറ്റി എസ്കോട്ടും നൽകുന്നുണ്ട്. ബംഗ്ലാദേശിലെ വ്യോമയാന അധികൃതരുമായും വ്യാവസായിക എയർലൈൻ കമ്പനികളുമായും ഇന്ത്യൻ ഹൈക്കമ്മീഷൻ ചർച്ച നടത്തി. വിദ്യാർത്ഥികൾക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ വിമാനസർവീസുകൾ തടസമില്ലാതെ ലഭ്യമാക്കണമെന്നും ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗ്ലാദേശിൽ വിദ്യാർത്ഥി സംഘടനകൾ നയിക്കുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താൻ സുരക്ഷാസേനയും സൈന്യവും രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിനോടകം 115 പേർ കൊല്ലപ്പെട്ടതായാണ് വിവരം. സർക്കാർ ജോലികളിൽ ചില പ്രത്യേക വിഭാഗത്തിന് സംവരണം ഏർപ്പെടുത്തിയതാണ് രാജ്യം നിന്നുകത്തുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. സംവരണ ബിൽ പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പാകിസ്താനെതിരായ ബംഗ്ലാദേശിന്റെ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബത്തിലുള്ളവർക്ക് 30 ശതമാനം സംവരണം സർക്കാർ ജോലികളിൽ നൽകുമെന്ന സർക്കാർ തീരുമാനമാണ് രാജ്യത്തെ ഒരു വിഭാഗമാളുകളെ ചൊടിപ്പിച്ചത്.