പാലക്കാട്: ചിറ്റൂർ പുഴയിൽ കുടുങ്ങിയ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി അഗ്നിശമന സേന. കഴിഞ്ഞ ദിവസം വയോധികരുൾപ്പെടെയുള്ളവർ കുടുങ്ങിയ സ്ഥലത്താണ് കുട്ടികളും കുടുങ്ങിയത്. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം.
കരകവിഞ്ഞൊഴുകുന്ന ചിറ്റൂർ പുഴയിൽ ഇറങ്ങിയ മൂന്ന് സ്‌കൂൾ കുട്ടികളാണ് പുഴയുടെ നടുവിലായി കുടുങ്ങിയത്. കുട്ടികൾ പുഴയിൽ കുടുങ്ങിയിരിക്കുകയാണെന്ന് നാട്ടുകാർ അഗ്നിശമസേനയെ വിവരം അറിയിച്ചതോടെ ഇവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു. തുടർന്ന് വടം കെട്ടി കുട്ടികളിൽ ഒരാളെ കരയ്‌ക്കെത്തിച്ചു. പിന്നീട് അഗ്നിശമന സേന പുഴയ്‌ക്ക് കുറുകെയായി വലിയ ഏണി പിടിച്ച് നിന്ന് രണ്ട് കുട്ടികളിൽ ഓരോരുത്തരെയായി കയറ്റിവിട്ട് കരയ്‌ക്കെത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നാല് പേർ പുഴയിൽ കുടുങ്ങിയതിനെ തുടർന്ന് പുഴയിൽ ഇറങ്ങരുതെന്ന് പൊലീസ് കർശന ജാഗ്രതാ നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് വിദ്യാർത്ഥികൾ പുഴയിലിറങ്ങിയത്. പെട്ടന്ന് ജലനിരപ്പ് ഉയരുന്ന പ്രദേശമാണിത്. അതിനാൽ ഇവിടേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും അധികൃതർ പറഞ്ഞു.