ലോകകായിക മാമാങ്കത്തിന് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 16 വിഭാഗങ്ങളിലായി 117 താരങ്ങളാണ് പാരിസ് ഒളിമ്പിക്‌സിൽ രാജ്യത്തെ പ്രതിനിധീകരിക്കുക. ടോക്കിയോ ഒളിമ്പിക്‌സിനെക്കാൾ മികച്ച പ്രകടനം പാരിസിൽ കാഴ്ചവയ്‌ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം.
മെഡൽ പ്രതീക്ഷയുള്ള താരങ്ങൾ
നീരജ് ചോപ്ര
ജാവലിൻ ത്രോയിലൂടെ അത്‌ലറ്റിക്‌സിൽ രാജ്യത്തിനായി സ്വർണം നേടുന്ന ആദ്യ താരം. സമീപകാലത്തെ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന നീരജ് ചോപ്രയിൽ നിന്ന് സ്വർണത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
മീരാഭായ് ചാനു
ടോക്കിയോ ഒളിമ്പിക്സിൽ ഭാരദ്വാഹനത്തിൽ വെള്ളി നേടിയ മീരയുടെ ല്ക്ഷ്യം സ്വർണമെഡലാണ്.
ഇന്ത്യൻ പുരുഷ ഹോക്കി ടീം
41 വർഷത്തിന് ശേഷം 2020 ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീം വെങ്കലം നേടി. ഈ വർഷവും ഹോക്കി ടീമിൽ വലിയ പ്രതീക്ഷയാണ് രാജ്യത്തെ കായിക പ്രേമികൾക്കുള്ളത്.
പി വി സിന്ധു
ബാഡ്മിന്റണിൽ രണ്ടുതവണയാണ് പിവി സിന്ധു ഒളിമ്പിക്‌സ് മെഡൽ സ്വന്തമാക്കിയിട്ടുള്ളത്. റിയോയിൽ (2016) വെള്ളിയും ടോക്കിയോയിൽ വെങ്കലവുമായി തിളങ്ങിയ താരം പാരിസിൽ സ്വർണം ലക്ഷ്യമിടുന്നു.
സാത്വിക് സായ് രാജ് -ചിരാഗ് ഷെട്ടി
ബാഡ്മിന്റൺ ഡബിൾസ് ജോഡികളായ സാത്വിക് സായ് രാജ് -ചിരാഗ് ഷെട്ടി സഖ്യത്തിലും രാജ്യത്തിന് പ്രതീക്ഷകളേറെയാണ്. ഏഷ്യൻ ഗെയിംസിലെയും സ്വിസ് ഓപ്പണിലെയും കിരീട നേട്ടം, പാരിസിലും ആവർത്തിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അദിതി അശോക്
ഏഷ്യൻ ഗെയിംസ് ഗോൾഫിൽ വെള്ളി നേടിയിരുന്നു. ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടാൻ ആയില്ലെങ്കിലും മികച്ച പ്രകടനം കാഴ്ച വച്ചു. കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള താരം പാരിസിൽ മെഡൽ നേടാനാവുമെന്ന പ്രതീക്ഷയിലാണ്.
സിഫ്റ്റ് കൗർ സമ്ര
ഷൂട്ടിംഗിൽ വനിതകളുടെ 50 മീറ്ററിൽ ലോക റെക്കോർഡിന് ഉടമയായ താരം ഇതുവരെയും ഒളിമ്പിക് മെഡൽ നേടിയിട്ടില്ല. 2024 താരം അത് നേടുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
വിനേഷ് ഫോഗട്ട്
ഗുസ്തിയിൽ തുടർച്ചയായ മൂന്ന് തവണയും ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം. 50 കിലോഗ്രാം വിഭാഗത്തിൽ മെഡൽ നേടുമെന്നാണ് കരുതുന്നത്.
നിഖത് സരീൻ
രണ്ട് തവണ ലോക ചാമ്പ്യനായ നിഖത് സരീൻ കന്നി ഒളിമ്പിക്‌സിനാണ് തയ്യാറെടുക്കുന്നത്. ബോക്‌സിംഗിൽ ഇത്തവണത്തെ മെഡൽ പ്രതീക്ഷയുള്ള താരം.
ലവ്‌ലിന ബോർഹോഗെയ്ൻ
ബോക്‌സിംഗിൽ ടോക്കിയോയിലെ മെഡൽ നേട്ടം പാരിസിലും ആവർത്തിക്കുകയാണ് ലക്ഷ്യം. 75 കിലോ ഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്.