ഭുവനേശ്വർ: പ്രശസ്ത നെല്ല് സംരക്ഷകയും പദ്മശ്രീ ജേതാവുമായ കമലാ പൂജാരി അന്തരിച്ചു. 74 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെ ഹൃദയാഘാതം സംഭവിക്കുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു.
കമലാ പൂജാരിയുടെ നിര്യാണത്തിൽ ഗവർണർ രഘുബർ ദാസ്, മുഖ്യമന്ത്രി മോഹൻ ചരൺ മാജി , കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരിസ്‌ഥിതി സംരക്ഷണരംഗത്തും സ്ത്രീ ശാക്തീകരണത്തിനും അവർ നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി എക്‌സിൽ കുറിച്ചു.
ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ പത്രാപുട്ട് ഗ്രാമത്തിലെ വനവാസി സ്ത്രീയായ കമലാ പൂജാരി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത നെൽവിത്ത് സംരക്ഷിക്കുന്നതിനും നൽകിയിട്ടുള്ള സംഭാവന മഹത്തരമാണ്. നൂറോളം നാടൻ നെല്ലിനങ്ങൾ സംരക്ഷിക്കുന്നതിന് പുറമെ വംശനാശഭീഷണി നേരിടുന്ന നിരവധി അപൂർവയിനം വിത്തിനങ്ങളും കമല ശേഖരിച്ചിട്ടുണ്ട്. കാർഷികമേഖലയിലെ ശ്രദ്ധേയമായ സംഭാവനകൾക്ക് 2019-ൽ രാജ്യം പദ്മശ്രീ നൽകി കമലയെ ആദരിച്ചിരുന്നു. 2002-ൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ വെച്ച് ഇക്വേറ്റർ ഇനിഷ്യേറ്റീവ് അവാർഡും അവർ നേടി.















