ന്യൂഡൽഹി: ഭൂട്ടാന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്ന 4,958 കോടി രൂപയുടെ 61 വികസന പദ്ധതികൾക്ക് സഹായവുമായി നൽകി ഇന്ത്യ. പഞ്ചവത്സര പദ്ധതിക്കായി ആകെ 10,000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഭൂട്ടാന് ഇന്ത്യ അനുവദിക്കുന്നത്.
കണക്ടിവിറ്റി, അടിസ്ഥാന സൗകര്യം,ഊർജ്ജം, ആരോഗ്യം,വിദ്യാഭ്യാസം, ഇൻഡസ്ട്രിയൽ പാർക്കുകൾ, സ്പോർട്സ്, ഡിജിറ്റൽ സമ്പദ് വ്യവസ്ഥ, ഇ-മൊബിലിറ്റി, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പദ്ധതികൾക്കാണ് ഇന്ത്യ-ഭൂട്ടാൻ വികസന സഹകരണ ചർച്ചയിൽ അംഗീകാരം ലഭിച്ചത്. ഇന്ത്യ, ഭൂട്ടാൻ വിദേശകാര്യ സെക്രട്ടറിമാരായ വിക്രം മിസ്രി, പേമ ചോഡൻ എന്നിവരാണ് ചർച്ചയിൽ അദ്ധ്യക്ഷത വഹിച്ചത്.
യോഗത്തിൽ13-ാം പഞ്ചവത്സര പദ്ധതിയിൽ നടപ്പിലാക്കേണ്ട പദ്ധതികളുടെ ആദ്യ ഘട്ടം അവതരിപ്പിച്ചു. ഇതേത്തുടർന്ന് 4,958 കോടി രൂപയുടെ 61 പദ്ധതികൾക്ക് ഇരുവിഭാഗവും അംഗീകാരം നൽകി. രണ്ട് വിദേശകാര്യ സെക്രട്ടറിമാരും 12-ാം പഞ്ചവത്സര പദ്ധതിയിൽ നിർമ്മിച്ച 19 സ്കൂളുകൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മാർച്ചിലെ പഞ്ചവത്സര പദ്ധതിയിൽ ഭൂട്ടാനുള്ള സാമ്പത്തിക സഹായം ഇന്ത്യ ഇരട്ടിയാക്കിയിരുന്നു. രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഇന്ത്യ തുടർന്നും നൽകുന്ന പിന്തുണക്ക് ഭൂട്ടാൻ സർക്കാർ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇക്കണോമിക് സ്റ്റിമുലസ് പ്രോഗ്രാമിന് (ഇഎസ്പി) കീഴിൽ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഭൂട്ടാൻ സർക്കാർ ഇന്ത്യയെ അറിയിച്ചു. ഭൂട്ടാന്റെ അഭ്യർത്ഥന പ്രകാരം ഇതിനായി ഫണ്ട് അനുവദിക്കുന്ന കാര്യം അനുകൂലമായി പരിഗണിക്കാമെന്ന് ഇന്ത്യ അറിയിച്ചു. അടുത്ത ഘട്ട വികസന സഹകരണ ചർച്ചകൾ ന്യൂഡൽഹിയിൽ നടത്താനും ഇരുപക്ഷവും ധാരണയിലെത്തി.