ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോലയിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജ്ജുനെ ഇന്നും കണ്ടെത്താനായില്ല. കാലാവസ്ഥ മോശം ആയതിനെ തുടർന്ന് രക്ഷാപ്രവർത്തകർ രാത്രിയോടെ തിരച്ചിൽ നിർത്തിവച്ചു. അതിനിടെ അർജ്ജുന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിളിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
രാത്രിയിൽ മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്താണ് രാത്രി 8.30 ഓടെ തിരച്ചിൽ അവസാനിപ്പിച്ചത്. രാവിലെ 6.30 ന് തിരച്ചിൽ പുനഃരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിനിടയിലാണ് സൈന്യത്തെ വിളിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
സൈന്യത്തെ വിളിക്കണമെന്ന് അർജ്ജുന്റെ കുടുംബം വൈകിട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരുവിലെ സൈനിക ആസ്ഥാനത്ത് നിന്നുളള സൈനികരാണ് തിരച്ചലിൽ പങ്കെടുക്കുകയെന്നാണ് വിവരം. ഉത്തര കന്നഡ കളക്ടർ ലക്ഷ്മിപ്രിയയുടെ റിപ്പോർട്ട് സൈനിക ഓഫീസിലേക്ക് കൈമാറിയെന്നാണ് സൂചന. മണ്ണിന്റെ ഘടനയും റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയുടെ വിവരങ്ങളും ഇതുവരെ നടത്തിയ തിരച്ചിലിന്റെ വിശദാംശങ്ങളും സൈന്യത്തെ അറിയിക്കും.
ഞായറാഴ്ച തന്നെ സൈന്യം തിരച്ചിലിനായി രംഗത്തിറങ്ങുമെന്നാണ് സൂചന. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും അർജ്ജുന്റെ ഭാര്യ ഇ മെയിൽ അയച്ചിരുന്നു. സംസ്ഥാന സർക്കാരിന് ഇതുവരെ ഒന്നും ചെയ്യാൻ സാധിക്കാത്തതിനാലാണ് കുടുംബം സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടത്.
തെരച്ചിലിന്റെ ആദ്യ ദിവസങ്ങളിൽ കർണാടക സർക്കാർ കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. നാലാം ദിവസം മലയാള മാദ്ധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെയാണ് സർക്കാർ തിരച്ചിൽ ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകിയത്. അർജ്ജുനെ കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുകയാണ്.















