ധാക്ക: രാജ്യത്ത് പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ രണ്ട്‍ ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് ബംഗ്ലാദേശ് സർക്കാർ. ഞായറും (ജൂലൈ 21 ) തിങ്കളുമാണ് (ജൂലൈ 22 ) പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത് അടിയന്തര സേവനങ്ങൾ മാത്രമേ ഈ ദിവസങ്ങളിൽ അനുവദിക്കുകയുള്ളു. നിലവിൽ തുടരുന്ന കർഫ്യൂ സമാന സാഹചര്യത്തിന് പുറമെയാണ് പൊതു അവധിയും പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 114 ആയി. ബംഗ്ലാദേശിലെ ആശുപത്രികളിൽ നിന്നുവരുന്ന റിപ്പോർട്ട് അനുസരിച്ച് പ്രതിഷേധത്തിൽ ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ധാക്കയിൽ നിലവിൽ തുടരുന്ന കർഫ്യൂ നാളെയും തുടരുമെന്നാണ് സൂചന. അതേസമയം പൊലീസും സൈനികരും നഗരത്തിൽ പട്രോളിംഗ് നടത്തുന്നുണ്ട്. ബംഗ്ലാദേശിലെ 64 ൽ 47 ജില്ലകളിലും പ്രക്ഷോഭം വ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ സ്ഥിതി കണക്കിലെടുത്ത് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിദേശയാത്രകൾ റദ്ദാക്കി രാജ്യത്ത് തുടരുകയാണ്.
1971 ൽ പാകിസ്താനെതിരായ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ മക്കൾക്ക് ജോലിയിൽ സംവരണം അനുവദിച്ച നടപടി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ക്വാട്ട സമ്പ്രദായം വിവേചനപരവും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികൾക്ക് പ്രയോജനകരവുമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പകരം മെരിറ്റ് അധിഷ്ഠിത സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.