കൊല്ലം: ചടയമംഗലത്ത് പട്ടാപ്പകൽ ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സുജിത്ത്, പാലോട് വട്ടകരിക്കം സ്വദേശിനി സ്നേഹ എന്നിവരാണ് പിടിയിലായത്. ചടയമംഗലം പോലീസാണ് പ്രതികളെ പിടികൂടിയത്.
ചടയമംഗലത്തെ ലക്ഷ്മി ജ്വല്ലേഴ്സിലാണ് കവർച്ചശ്രമം നടന്നത്. ജീവനക്കാർക്ക് നേരെ കുരുമുളക് സ്പ്രേ തളിച്ച് ബോധം കെടുത്താൻ ശ്രമിച്ചതിന് ശേഷമായിരുന്നു മോഷണ ശ്രമം. സ്വർണ്ണം വാങ്ങാൻ എത്തിയ ദമ്പതികൾ എന്ന വ്യാജേനയായിരുന്നു കവർച്ച ശ്രമം നടത്തിയത്.
കവർച്ചാ ശ്രമം നടക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ ഒരു സംഘം സ്ഥലത്തെത്തിയിരുന്നു. ഇത് മനസിലാക്കിയ പ്രതികൾ സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഞൊടിയിടയിൽ പ്രതികളിലേക്കത്താൻ പൊലീസിനെ സഹായിച്ചത്.















