തിരുവനന്തപുരം: ഷീരൂരിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ കേരളത്തിലെ മന്ത്രിമാരുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വി.മുരളീധരൻ. കുവൈറ്റിൽ പോകാൻ കാണിച്ച ധൃതി ഷീരൂരിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
മലയാളിയാണ് കർണാടകയിൽ അപകടത്തിൽപ്പെട്ടിരിക്കുന്നത്. കുവൈറ്റിൽ മൃതദേഹം എത്തിക്കാൻ പോകാൻ കാത്തിനിന്ന സർക്കാരാണ്. കർണാടകയിൽ ഒരാൾ ഒരാഴ്ചയായി അപകത്തിൽപെട്ടിട്ട്. കർണാടക സർക്കാരിനെ കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താൻ കേരളത്തിന് സാധിച്ചിട്ടില്ല. അവിടെ പോകാൻ ആരുടേയും സമ്മതം ആവശ്യമില്ല. ബെംഗളൂരിലേക്ക് ഫ്ലൈറ്റ് കയറി പോകാൻ രണ്ട് മണിക്കൂർ മതിയായിരുന്നു, ഇതൊന്നും ചെയ്തില്ല. സർക്കാർ വിഷയത്തിൽ കുറച്ചു കൂടി താൽപ്പര്യം കാണിക്കണമായിരുന്നു, അദ്ദേഹം കുറ്റപ്പെടുത്തി.
കർണാട സർക്കാർ ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ പ്രത്യേക താൽപര്യം കാണിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കുവൈറ്റ് തീപിടുത്തത്തിൽ അപകടത്തിൽപെട്ട മലയാളികളെ ആശ്വസിപ്പിക്കാനെന്ന പേരിൽ അവിടെ പോകാൻ തീരുമാനിച്ച മന്ത്രി വീണ ജോർജ്ജിന് അനുമതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെ സംസ്ഥാനം വിമർശിച്ചിരുന്നു. എന്നാൽ കർണാടകയിലെ മണ്ണിടിച്ചിലിൽ മലയാളിയെ ആറ് ദിവസമായി കാണാതായിട്ടും സംസ്ഥാന സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നും സമ്മർദ്ദം ചെലുത്തുന്നില്ലെന്നുമുളള വിമർശനം ശക്തമാണ്.