ഷിരൂർ: കർണാടകയിലെ അങ്കോലയിൽ മണ്ണിടിഞ്ഞ് കാണാതായ മലയാളി അർജുനെ കണ്ടെത്താൻ തെരച്ചിൽ നടത്താൻ സൈന്യം ഷിരൂരിലെത്തി. ബെലഗാവിയിൽ
നിന്നുളള നാൽപതംഗ സംഘമാണ് ഷിരൂരിൽ എത്തിയത്.
മൂന്ന് ട്രക്കുകളിലായിട്ടാണ് സൈനിക സംഘം ഷിരൂരിലേക്ക് എത്തുന്നത്. ഇത്തരം രക്ഷാപ്രവർത്തനത്തിൽ വിദഗ്ധരായവരും സംഘത്തിലുണ്ടെന്നാണ് സൂചന. ഇന്നലെ പ്രദേശത്തിന്റെ സ്‌കെച്ചും അപകട വിവരങ്ങളും റഡാർ സിഗ്നലുകളിൽ നിന്ന് ലഭിച്ച വിവരങ്ങളും അധികൃതർ സൈന്യത്തിന് കൈമാറിയിരുന്നു. സ്ഥലത്തെത്തിയാൽ വൈകാതെ രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം.
തടിയുമായി കേരളത്തിലേക്ക് വന്ന ലോറിയുടെ ഡ്രൈവറായിരുന്നു കോഴിക്കോട് സ്വദേശിയായ അർജുൻ. രാത്രിയിൽ ദേശീയപാതയിൽ വാഹനം നിർത്തി വിശ്രമിക്കുമ്പോൾ വലിയ തോതിൽ കുന്നിടിഞ്ഞ് മണ്ണിടിച്ചിലിൽ അകപ്പെടുകയായിരുന്നു. കർണാടക സർക്കാർ രക്ഷാപ്രവർത്തനത്തിൽ അലംഭാവം കാട്ടിയതിനെ തുടർന്നാണ് സൈന്യത്തെ വിളിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടത്.
അർജുനെ കാണാതായിട്ട് ആറ് ദിവസമാണിന്ന്. കർണാടക സർക്കാർ കാണിച്ച അലംഭാവമാണ് സൈന്യത്തെ രംഗത്തിറക്കാൻ വൈകിയത്. കഴിഞ്ഞ ദിവസം സൈന്യത്തെ രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കും വീട്ടുകാർ ഇ മെയിൽ അയച്ചിരുന്നു.
മണ്ണിടിച്ചിലിന് ശേഷം ആദ്യ നാല് ദിവസവും തെരച്ചിൽ കാര്യക്ഷമമായിരുന്നില്ല. ഒരു ജെസിബി ഉപയോഗിച്ച് മാത്രമായിരുന്നു മണ്ണ് മാറ്റിയത്. ഭാരത് ബെൻസിന്റെ ലോറിയായിരുന്നു അർജ്ജുൻ ഓടിച്ചിരുന്നത്. അപകടത്തിന് ശേഷവും മൂന്ന് ദിവസം വരെ വാഹനത്തിന്റെ എൻജിൻ ഓൺ ആയിരുന്നുവെന്ന് ഭാരത് ബെൻസ് കമ്പനി ജിപിഎസ് സിഗ്നലിൽ നിന്നുളള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടുകാരെ അറിയിച്ചിരുന്നു.