കോഴിക്കോട്: നിപ ലക്ഷണങ്ങളുള്ള വയോധികനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ ആശുപത്രിയിൽ നിയന്ത്രണമേർപ്പെടുത്തി അധികൃതർ. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളെ കാണാൻ സന്ദർശകർ വരരുതെന്ന കർശന നിർദേശമാണ് പുറത്തുവിട്ടിരിക്കുന്നത്. അത്യാഹിത വിഭാഗം സാധാരണ പോലെ പ്രവർത്തിക്കും.
രോഗങ്ങൾ ബാധിച്ചെത്തുന്നവരുടെ കൂട്ടിരിപ്പിനായി ഒരാൾ മാത്രം മതിയെന്നും ആവശ്യമുള്ളവർ മാത്രം പരിശോധനയ്‌ക്കായി ഒപിയിൽ എത്തിയാൽ മതിയെന്നും നിർദേശമുണ്ട്. നിപ ബാധിച്ച് ചികിത്സയിലായിരുന്ന 14കാരൻ മരിച്ചതിന് പിന്നാലെയാണ് 68കാരനായ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനാൽ ആശുപത്രിയിലെത്തുന്നവർക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലായതിനാലാണ് നിയന്ത്രങ്ങൾ ഏർപ്പെടുത്തിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
നിപ ബാധിച്ച് മരിച്ച 14കാരന്റെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68കാരനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 68കാരന് നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.















