ഒളിമ്പിക്സിൽ വിജയിക്കുന്ന കായികതാരങ്ങൾ അവരുടെ മെഡലുകളിൽ കടിക്കുന്നത് പതിവ് കാഴ്ചയാണ്. എന്തിനാണ് ഇവർ അങ്ങനെ ചെയ്യുന്നതെന്ന് ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും. ആഘോഷമോ? ആചാരത്തിന്റെയോ ഭാഗമായിട്ടാണോ അവർ അതിൽ കടിക്കുന്നത്. ഒളിമ്പിക് അത്‌ലറ്റുകൾ പോഡിയത്തിൽ വിജയാഹ്ലാദത്തോടെ മെഡലുകൾ കടിക്കുന്ന് ഒരു വിചിത്രമായ ശീലമല്ല, മറിച്ച് അതൊരു പ്രതീകാത്മകതയാണ്. പാരമ്പര്യമായി തുടർന്നുവരുന്ന ഒന്ന്. ഒളിമ്പിക്സിന്റെ തുടക്ക കാലത്തായിരുന്നു അത്ലറ്റുകളിൽ ഈ ശീലം വളർന്നത്. അതിന് പിന്നിലൊരു കാരണവുമുണ്ട്.
ഒളിമ്പിക്‌സ് മെഡലുകളിൽ വിലയേറിയ ലോഹങ്ങൾ കൂടുതലായി ഉണ്ടായിരുന്ന കാലത്താണ് മെഡൽ കടിയുടെ ഉത്ഭവം. ഒളിമ്പിക്‌സിന്റെ ആദ്യ നാളുകളിൽ, അത്‌ലറ്റുകൾ മെഡലുകളുടെ ആധികാരികത പരിശോധിക്കാൻ പലപ്പോഴും മെഡലുകളിൽ കടിച്ചു. സ്വർണമടക്കമുളള മൃദുലോഹങ്ങളുപയോഗിച്ച് നിർമിക്കുന്ന മെഡലുകളിൽ പല്ലുകളുടെ പാടുകൾ അടയാളപ്പെടുത്താനായിരുന്നു ഇത്. യഥാർത്ഥ സ്വർണത്തെ വേർതിരിച്ചറിയാനും ഈ ശീലം അത്ലറ്റുകളെ തുണച്ചിരുന്നു. എന്നാൽ ആധുനിക ഒളിമ്പിക്സിൽ മെഡലുകൾ വെള്ളിയിൽ നിർമിച്ച ശേഷം സ്വർണത്തിൽ പൊതിയുകയാണ് ചെയ്യുന്നത്. എങ്കിലും ശീലത്തിലും ആഘോഷത്തിലും മാറ്റമുണ്ടായില്ല.
പിന്നീട് മെഡലിൽ കടിക്കുന്നത് ഒരു പ്രതീകാത്മകമായി കായിക താരങ്ങൾ തുടർന്നു. വിജയത്തിന് ശേഷം വെള്ളി, വെങ്കല മെഡൽ ജേതാക്കളും ഈ ആഘോഷത്തിൽ പങ്കെടുക്കുന്നു. മഹത്തായ കായിക വേദിയിലെ നേട്ടത്തിന്റെയും അംഗീകാരത്തിന്റെയും സാർവത്രിക പ്രതീകമായി ഇപ്പോഴും മെഡലിൽ കടിക്കുന്നത് കായിക താരങ്ങൾ തുടരുന്നുണ്ട്. ഫോട്ടോയ്‌ക്ക് വേണ്ടിയും താരങ്ങൾ ഈ പ്രത്യേക ആഘോഷം തുടരുന്നുണ്ട്.