കൊൽക്കത്ത: വിവാദ സംവരണനിയമത്തെത്തുടർന്ന് രാജ്യവ്യാപക പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും അരങ്ങേറുന്ന ബംഗ്ലാദേശിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് അഭയം തേടിയെത്തുന്നവർക്ക് സംസ്ഥാന സർക്കാർ അഭയം നൽകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്തയിൽ ടിഎംസിയുടെ രക്തസാക്ഷി ദിന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമതാ ബാനർജി.
ബംഗ്ലാദേശ് വേറെ രാജ്യമായതിനാൽ തനിക്ക് അഭിപ്രായം പറയാൻ കഴിയില്ല. എന്നാൽ നിസ്സഹായരായ വ്യക്തികൾ ബംഗാളിന്റെ വാതിലിൽ മുട്ടിയാൽ അവർക്ക് അഭയം നൽകുമെന്നും മമത പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ നിർദ്ദേശം പ്രശ്നബാധിതരായ അയൽ രാജ്യങ്ങളെ സഹായിക്കണമെന്നാണെന്നും അവർ പറഞ്ഞു. ബംഗ്ലാദേശ് പ്രതിഷേധങ്ങളിൽ രക്തം ചിന്തിയവരോട് തങ്ങൾക്ക് അനുകമ്പയും സഹതാപവുമാണെന്നും മമത പറഞ്ഞു.
1971 ൽ പാകിസ്താനെതിരായ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ മക്കൾക്ക് ജോലിയിൽ 30 % സംവരണം അനുവദിച്ച നടപടി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബംഗ്ലാദേശിൽ പ്രതിഷേധം ആരംഭിച്ചത്. ക്വാട്ട സമ്പ്രദായം വിവേചനപരവും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികൾക്ക് പ്രയോജനകരവുമാണെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. പകരം മെരിറ്റ് അധിഷ്ഠിത സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടക്കുന്നത്. നൂറിലധികം പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ.
നിലവിൽ സുപ്രീംകോടതി ഇടപെട്ട് വിവാദ ഉത്തരവ് റദ്ദാക്കിയിട്ടുണ്ട്. കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം തൊഴിൽ മേഖലയിൽ 93 ശതമാനം മെറിറ്റ് അധിഷ്ഠിതവും 5 ശതമാനം സംവരണം സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും 2 ശതമാനം സംവരണം ട്രാൻസ്‌ജെൻഡർ, ഭിന്നശേഷിക്കാർ, തുടങ്ങിയ വിഭാഗക്കാർക്കും ലഭിക്കും.















