യൂറോപിലെ ലാത്വിയയിൽ ഒഴുക്കിപ്പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആനച്ചാൽ അറയ്‌ക്കൽ ഷിന്റോയുടെ മകൻ ആൽബിനാണ് (19) മരിച്ചത്. ആൽബിൻ അകപ്പെട്ട സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയായിരുന്നു മൃതദേഹം.
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ആൽബിനെ കാണാതായത്. ദിവസങ്ങളായി ആൽബിന് വേണ്ടിയുള്ള തിരച്ചിലുകൾ നടത്തിയിരുന്നു. ഇന്നലെ കൂട്ടുകാർ തിരച്ചിലിനായി മുന്നിട്ടിറങ്ങിയതോടെയാണ് മൃതദേഹം കണ്ടെടുത്തത്. തുടർന്ന് ലാത്വിയൻ പൊലീസ് ശരീരം കരയ്‌ക്കെത്തിച്ച് തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം റിഗയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തടാകത്തിന്റെ മറുകരയിലേക്കു നീന്തി പോയ സുഹൃത്തുക്കൾക്കു പിന്നാലെ നീന്തിയ ആൽബിൻ മറുകരയെത്താറായപ്പോൾ കുഴഞ്ഞു പോകുകയായിരുന്നു. മറൈൻ എൻജിനീയറിംഗ് കോഴ്സിനായി എട്ടുമാസം മുമ്പാണ് ആൽബിൻ ലാത്വിയയിലെത്തിയത്. ഇവിടെ ഇന്ത്യൻ എംബസിയില്ലാത്തതിനാൽ തൊട്ടടുത്ത രാജ്യമായ സ്വീഡനിലെ എംബസി വഴി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോമിക്കുകയാണ്.















